![](https://dailyindianherald.com/wp-content/uploads/2016/01/babu-cm.jpg)
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ ബാബുവിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി തീരുമാനം.എ, ഐ ഗ്രൂപ്പുകള്‍, സുധീരന്‍ അനുകൂലികള്‍ എന്നിവര്‍ക്കൊപ്പം ഹൈക്കമാന്‍ഡ് പ്രതിനിധികളും പങ്കെടുത്ത ആദ്യ യോഗത്തിലാണ് കെ. ബാബുവിന് രാഷ്‌ട്രീയ പിന്തുണ നല്‍കാന്‍ കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി തീരുമാനിച്ചത്. ബാബുവിനെതിരെ നേരത്തെ പരസ്യ നിലപാടെടുത്ത കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്‍, നിലപാട് മയപ്പെടുത്തിയതും ശ്രദ്ധേയമായി. കെ.ബാബുവിനെതിരെ നിലപാട് സ്വീകരിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, അനധികൃത സ്വത്ത് സന്പാദന കേസില്‍ ബാബുവിന് പിന്തുണയുമായി രംഗത്ത്. ബാബുവിനെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് സുധീരന്‍ പറഞ്ഞു. ബാബുവിനെതിരായ കേസില്‍, ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന തെളിവുകള്‍ ഹാജരാക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിക്കു ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കവെ വ്യക്തമാക്കി.
ബാബുവിനെതിരായ കേസില്‍ പ്രതികരണം വൈകിയത് വസ്തുതകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുന്നത് വരെ കാത്തതു കൊണ്ടാണ്. ഇത്തരം കാര്യങ്ങളില്‍ തിരക്ക് പിടിച്ച് പ്രതികരിക്കേണ്ട നിലപാടിലായിരുന്നു. പ്രതികരണം വൈകിയതില്‍ യാതൊരു കുഴപ്പവും ഉണ്ടായില്ലെന്നും സുധീരന്‍ പറഞ്ഞു. ബാബുവിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പറയാനുള്ളത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സുധീരന്റെ മറുപടി.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധീരനെ പിന്തുണച്ചു. വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത ശേഷം പ്രതികരണം നടത്തിയാല്‍ മതിയെന്നാണ് തീരുമാനിച്ചിരുന്നതെന്നും സുധീരന്റെ ആ നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.ബാബുവിന്റെ ലോക്കറില്‍ നിന്ന് ഭാര്യ രേഖകളും മറ്റും മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് വിജിലന്‍സിന് സംഭവിച്ച വീഴ്ചകളെ മറയ്ക്കാന്‍ വേണ്ടിയാണെന്ന് സുധീരന്‍ മറുപടി നല്‍കി.
പാര്‍ട്ടിക്കുള്ളിലെ അനൈക്യം ഘടക കക്ഷികള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും, അത് ഹൈക്കമാന്‍ഡ് വരെ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാബുവിന് പിന്തുണ നല്‍കി രാഷ്‌ട്രീയ പ്രതിരോധം തീര്‍ക്കാന്‍ നേതാക്കള്‍ തയ്യാറായത്. പാര്‍ട്ടി പുനഃസംഘടനയുടെ കാര്യത്തിലും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അംഗീകരിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിതരായി.
14 ഡിസിസി അധ്യക്ഷന്മാരേയും മാറ്റാനുള്ള പട്ടിക ഈ മാസം തന്നെ നല്‍കാനാണ് എ.ഐ.സി.സി നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി അച്ചടക്ക സമിതി രൂപീകരിക്കാനും തീരുമാനമായി. 10 മണിക്കൂര്‍ പിന്നിട്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാഷ്‌ട്രീയകാര്യ സമിതി സുപ്രധാന തീരുമാനങ്ങളില്‍ എത്തിയത്.