നേതാക്കളുടെ അറസ്റ്റ് കൊല്‍ക്കത്തയില്‍ ത്രിണമൂല്‍ പ്രതിഷേധം അക്രമാസ്‌ക്തമായി; ബിജെപി ഓഫിസ് തല്ലിതകര്‍ത്തു; ഓഫീസുകള്‍ക്ക് കേന്ദ്രസേനയുടെ സംരക്ഷണം

കോല്‍ക്കത്ത: റോസ് വാലി ചിട്ടി തട്ടിപ്പു കേസില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബന്ധോപാധ്യായയെ അറസ്റ്റ് ചെയ്തതില്‍ കൊല്‍ക്കത്തിയില്‍ തൃണമൂല്‍ പ്രതിഷേധം അക്രമാസ്‌ക്തമായി. വിദ്യാര്‍ത്ഥി വിഭാഗം കോല്‍ക്കത്തയിലെ ബിജെപി ഹെഡ്ക്വാട്ടേഴ്സ് ആക്രമിച്ചു. ഇതിനെത്തുടര്‍ന്ന് ബിജെപി ഓഫീസിന്റെ സംരക്ഷണത്തിനായി അര്‍ധസൈനിക വിഭാഗമായ സിആര്‍പിഎഫിനെ നിയോഗിച്ചു.

പ്രകടനവുമായി എത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കല്ലെറിയുകയും അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. കല്ലേറില്‍ പതിനഞ്ചോളം പേര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി ഓഫീസിന് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് ബിജെപി നേതാക്കള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബംഗാളില്‍ ക്രമസമാധനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ കേഡര്‍ ആയിട്ടാണു പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി സിദ്ദാര്‍ത്ഥ് നാഥ് സിങ് ആരോപിച്ചു.bjp-beng

അതിനിടെ സുദീപ് ബന്ദോപാധ്യായയുടെ അറസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജി രംഗത്തെത്തി. നോട്ട് ബന്ധനത്തിന് പിന്നാലെ തൃണമൂല്‍ ബന്ധനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കുന്നതെന്ന് അവര്‍ ആരോപിച്ചു. നോട്ട് നിരോധനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സ് നടത്തിയ പോരാട്ടങ്ങളെത്തുടര്‍ന്നാണ് ഈ വേട്ടയാടലെന്നും അവര്‍ കുറ്റപ്പെടുത്തി.
15,000 കോടി രൂപയുടെ റോസ് വാലി ചിട്ടി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ടാണ് സുധീപ് ബന്ധോപാധ്യായയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഒരു തൃണമൂല്‍ നേതാവുകൂടി അറസ്റ്റിലായത് മമതാ ബാനര്‍ജിക്ക് കനത്ത പ്രഹരമാണുണ്ടാക്കിയിരിക്കുന്നതെന്നു രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തുന്നു.

റോസ് വാലി ചിട്ടി ഫണ്ട് അഴിമതിയില്‍ അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ് സുധീപ് ബന്ധോപധ്യായ. നേരത്തെ തപസ് പാലാണ് കഴിഞ്ഞയാഴ്ച അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് അറസ്റ്റെന്ന് മമതാ ബാനര്‍ജി അന്ന് ആരോപിച്ചിരുന്നു.
സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ രാവിലെ 10.55 ഓടെയാണ് ബന്ധോപധ്യായ ഹാജരായത്. റോസ് വാലി ഗ്രൂപ്പുമായും അതിന്റെ സ്ഥാപകന്‍ ഗൗതം കുണ്ടുവുമായുമുള്ള ബന്ധത്തെയും പശ്ചാത്തലമാക്കിയാണ് സിബിഐ ബന്ധോപധ്യായയെ ചോദ്യം ചെയ്തത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
തൃണമൂല്‍ നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് അടിയന്തര യോഗം പാര്‍ട്ടി വിളിച്ചിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് പാര്‍ട്ടി തീരുമാനം. ബുധനാഴ്ച്ച 2.30ന് പാര്‍ലമെന്റിലെ ഇരു സഭകളിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. രാഷ്ട്രീയമായ പകപോക്കലിനും സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കെതിരെയുമാണ് പ്രതിഷേധമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Top