
കൊച്ചി : ടൈപ്പ് -2 പ്രമേഹം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹരോഗികൾ ദിവസവും കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നുള്ളത്. അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരവധി സങ്കീർണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ടൈപ്പ് -2 പ്രമേഹം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹരോഗികൾ ദിവസവും കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
വൈവിധ്യമാർന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നമ്മൾ ഭക്ഷണങ്ങളിൽ ഉപയോഗിക്കാറുണ്ട്. അവയ്ക്ക് ധാരാളം ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്. സുഗന്ധവ്യഞ്ജനങ്ങളിൽ ചിലത് പ്രമേഹം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ പോഷകഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നും നമാമി പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം…
മഞ്ഞൾ…
മഞ്ഞളിലെ ‘കുർക്കുമിൻ’ എന്ന ആന്റിഓക്‌സിഡന്റാണ് പ്രമേഹത്തിന്റെ സങ്കീർണതകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നത്. ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകാൻ മഞ്ഞളിന് കഴിയും. ഭക്ഷണത്തിൽ മഞ്ഞൾ പല വിധത്തിൽ ചേർക്കാം. ദിവസവും മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഉലുവ…
ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കാർബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഉലുവ ഹൃദയത്തിനും നല്ലതാണ്. കാരണം അവ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുമെന്നും നമാമി അഗർവാൾ പറഞ്ഞു.
തുളസി…
തുളസി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസിയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. തുളസിയിലെ ആന്റിഓക്‌സിഡന്റുകൾക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ കഴിയും. മാനസികാരോഗ്യം മെച്ചപ്പെടുത്താനും തുളസിയ്ക്ക് സാധിക്കും. ദിവസവും തുളസിയിട്ട വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്.
കറുവപ്പട്ട…
കറുവപ്പട്ടയ്ക്ക് ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ, ഫംഗസ് വിരുദ്ധ ഗുണങ്ങളുണ്ട്. ഇതിൽ ആന്റിഓക്‌സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. കറുവപ്പട്ട ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.