ദിവസങ്ങളായി സോഷ്യല്‍ ലോകം തിരയുകയാണ് സുഹോ എന്ന പേരുകാരനെ. തനിക്ക് കൊറിയന്‍ താരം സുഹോയുമായി ഡേറ്റിങ്ങിനു താത്പര്യമുണ്ടെന്ന ഷാരൂഖാന്റെ മകള്‍ സുഹാനയുടെ വാക്കുകളാണ് ആരാധകരുടെ കൗതുകം കൂട്ടിയത്. കൊറിയന്‍ പോപ് ഗായകരില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഗായകരില്‍ ഒരാളാണ് സുഹോ. സുഹാനയുടെ സിനിമ അരങ്ങേറ്റം കാത്തിരിക്കുന്നവര്‍ക്കും ഈ വെളിപ്പെടുത്തല്‍ അമ്പരപ്പിക്കുന്നതായിരുന്നു. സൗത്ത് കൊറിയയിലെ പ്രശസ്തനായ ഗായകനാണ് സുഹോ. ഇരുപത്തിയേഴാം വയസ്സില്‍ ഈ ചെറുപ്പക്കാരന്‍ ഇന്ത്യയിലെ താരപുത്രിയുടെ മനം കവര്‍ന്നിരിക്കുകയാണ്.
ജന്മസിദ്ധമായ കഴിവാണ് സുഹോ എന്ന ഗായകനില്‍ ഏറിയ പങ്കും ഉള്ളത്. ദക്ഷിണ കൊറിയയിലെ സിയോളാണ് ജന്മദേശം. തെരുവിലെ ഒരു പരിപാടിയില്‍ നിന്നും തികച്ചും ആകസ്മികമായായിരുന്നു സുഹോ എന്ന ഗായകന്റെ ഉദയം. പതിനാറാം വയസ്സു മുതല്‍ കൊറിയയിലെ പ്രശസ്തമായ എക്‌സോ ബാന്റിന്റെ ഭാഗമായി സുഹോ. പത്തംഗങ്ങളാണ് ബാന്റില്‍ ഉള്ളത്. പീന്നീട് ഈ ബാന്റ് സുഹോയുടെ നേതൃത്വത്തിലായി. ബ്യൂട്ടിഫുള്‍, മൈ ഹീറോ, കര്‍ട്ടന്‍, ഡിന്നര്‍ എന്നിങ്ങനെ മനോഹരമായ നിരവധി ഗാനങ്ങളാണ് സുഹോ ലോകത്തിനു സമ്മാനിച്ചത്. മികച്ച തീയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് സുഹോ.
2013ല്‍ സേവിങ് സാന്റ എന്ന ചിത്രത്തിലൂടെ ഡബ്ബിങ് മേഖലയിലും തന്റെ കയ്യൊപ്പു ചാര്‍ത്തി സുഹോ. 2014 മുതല്‍ ആഴ്ചയില്‍ ഒരു ടെലിവിഷന്‍ സംഗീത പരിപാടിയും നടത്തുന്നുണ്ട് സുഹോ. ഒരു പരിപാടിക്ക് ഏഴു മില്യണ്‍ യുഎസ് ഡോളറാണ് സുഹോയുടെ പ്രതിഫലം. ദക്ഷിണകൊറിയയിലെ തന്നെ കോടീശ്വരനായ ഗായകന്‍. സുഹോ എന്നതു സ്റ്റേജിലെ പേരാണ്. കിം ജൂണ്‍ മ്യൂണ്‍ എന്നാണ് യഥാര്‍ഥ പേര്. സുഹോ എന്ന കൊറിയന്‍ പദത്തിന് അര്‍ഥം ‘രക്ഷാധികാരി’ എന്നാണ്. ഗായകന്‍, ഗാനരചയിതാവ്, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തനാണ് സുഹോ. ബുദ്ധിസത്തോട് വളരെ താത്പര്യമുള്ള വ്യക്തിയാണ് ഈ ഗായകന്‍.