സ്വന്തം ലേഖകൻ
മുംബൈ: ഭർത്താവും കുടുംബാംഗങ്ങളും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തതിൽ മനം നൊന്ത് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തു. മാനസിക പീഡനം കൂടാതെ ശാരീരികമായ ആക്രമണവും ഇവർക്കു നേരെ നടന്നിരുന്നതായും ബന്ധുക്കൾ പരാതി നൽകി. ശിവാങ്കി (19) എന്ന യുവതിയാണ് വീട്ടിുനള്ളിൽ തൂങ്ങി മരിച്ചത്. ശിവാങ്കിയും ഭർത്താവ് വിപിനും രണ്ട് മാസം മുൻപാണ് വിവാഹിതരായത്. വിവാഹത്തിന് വിപിന്റെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് സത്രീധനത്തിന്റെ പേരിൽ പെൺകുട്ടിയെ മാനസികമായും ശാരീരികമായും മാതാപിതാക്കൾ ഉപദ്രവിക്കുകയായിരുന്നു.
പീഡനവും പരിഹാസവും കടുത്തതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം ശിവാങ്കി മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ഭർത്തൃ വീട്ടുകാർ മകളെ പീഡിപ്പിച്ചിരുന്നതായി ശിവാങ്കിയുടെ വീട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. മുംബൈയിലെ ഗായക കുടുംബത്തിൽ നിന്നുള്ളയാളാണ് ശിവാങ്കിയുടെ ഭർത്താവ് വിപിൻ. അക്ഷയ് കുമാർ നായകനായ ഹൗസ്ഫുൾ എന്ന ചിത്രത്തിൽ പാടിയിട്ടുമുണ്ട്.