ന്യൂഡല്‍ഹി: ആത്മഹത്യാശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല. ഇതുമായി ബന്ധപ്പെട്ട് ‘മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്ല് 2016’ പാര്‍ലമെന്റ് പാസാക്കി. മാനസിക ആസ്വാസ്ഥ്യം ഉള്ളവര്‍ക്ക് മാനസിക രോഗ പരിചരണവും സഹായവും ഉറപ്പ് വരുത്തുന്നതാണ് ബില്‍. തിങ്കളാഴ്ച്ചയാണ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയാണ് ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്.
2016 ഓഗസ്റ്റില്‍ ബില്ല് രാജ്യസഭയില്‍ പാസാക്കിയിരുന്നു. എല്ലാ വ്യക്തികള്‍ക്കും മാനസികാരോഗ്യ പരിചരണത്തിനും സേവനത്തിനും ഉള്ള അവകാശം ഉറപ്പ് നല്‍കുന്നതാണ് ബില്‍. ബില്ലിലെ ഒരു ക്ലോസ് ആത്മഹത്യയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വ്യക്തികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടെന്നത് പരിഗണിച്ചാണ് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ നിന്ന് ആത്മഹത്യയെ ഒഴിവാക്കുന്നത്. മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്ല് പ്രകാരം ആത്മഹത്യചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് ആവശ്യമായുള്ള മാനസിക ആരോഗ്യ പരിചരണം, പുനരധിവാസ നടപടികള്‍ തുടങ്ങിയ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.