പത്തനംതിട്ട: ആത്മഹത്യാ രംഗങ്ങള്‍ റിക്കോര്‍ഡ് ചെയ്തുകൊണ്ട് കമിതാക്കള്‍ ജീവനൊടുക്കി. പത്തനംതിട്ട അടൂരിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. പോലീസെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊടുമണ്‍ സ്വദേശിയായ ഫോട്ടോഗ്രാഫറും ഏനാത്ത് കുളക്കട സ്വദേശിയായ വിധവയുമാണ് മരിച്ചത്. ഇന്ന് രാവിലെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാവിവരം പറംലോകമറിഞ്ഞത്.
കൊടുമണ്‍ ഐക്കാട് തോട്ടരികില്‍ പുത്തന്‍വീട്ടില്‍ ജോസിന്റെ മകന്‍ റിജോ ജോസ് (25), തേപ്പുപാറ പരപ്പാനൂര്‍ വീട്ടില്‍ നിന്ന് ഏനാത്ത് കുളക്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന ബേബിയുടെ മകള്‍ ഷിനു (32) എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് റിജോ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തത്. ഇയാളുടെ പിതാവ് ജോസ് വിദേശത്ത് ജോലി നോക്കുകയാണ്. കഴിഞ്ഞ എട്ടുമാസമായി മാതാവ് റോസമ്മ, സഹോദരന്‍ ജെറിന്‍ എന്നിവരുമായി പിണങ്ങി പറക്കോടുള്ള ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു റിജോ.
ഇയാളുടെ ഇന്നോവ കാര്‍ അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ മറ്റു വാഹനങ്ങള്‍ ഇറക്കി കൊണ്ടുപോകാന്‍ കഴിയാത്ത വിധം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇന്നു രാവിലെ അപ്പാര്‍ട്ട്മെന്റിലെ മറ്റൊരു വാടകക്കാരന്‍ തന്റെ വാഹനം ഇറക്കാന്‍ നോക്കിയപ്പോള്‍ ഇന്നോവ തടസമായി കിടക്കുന്നത് കണ്ടു. റിജോയുടെ വാഹനമാണിതെന്ന് അറിയാവുന്ന ഇയാള്‍ റിജോ താമസിക്കുന്ന മുറിയുടെ വാതില്‍ മുട്ടിവിളിച്ചിട്ട് തുറന്നില്ല. മൊബൈല്‍ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തു നിന്നു. സംശയം തോന്നിയ ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചു.
പാഞ്ഞെത്തിയ പൊലീസ് ജനാലച്ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് ഹാളിലെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ റിജോയുടെ മൃതദേഹവും അടുക്കളയ്ക്ക് സമീപം ഷിനുവിന്റെയും മൃതദേഹവും കാണപ്പെടുകയായിരുന്നു. രണ്ട് ആത്മഹത്യാ രംഗങ്ങളും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്യുന്നത് റിജോയുടെ ക്യാമാറയിലാണ് ചിത്രീകരിച്ചിരുന്നത്. റിജോ ആത്മഹത്യ ചെയ്യുന്ന രംഗം ലൈവായി ക്യാമറയിലും പകര്‍ത്തിയ നിലയില്‍ കാണപ്പെട്ടു.
തുമ്പമണ്‍ സെന്റ് മേരീസ് പള്ളിയുടെ ബില്‍ഡിങ്സില്‍ വെഡിങ് സ്റ്റുഡിയോ നടത്തി സാമ്പത്തികമായി തകര്‍ച്ച നേരിട്ടിരുന്നു റിജോയ്ക്ക്. ഒരു വര്‍ഷം മുന്‍പ് സ്റ്റുഡിയോ പൂട്ടി. വാടക ഇനത്തില്‍ പള്ളിക്ക് വന്‍ തുക തന്നെ നല്‍കാനുണ്ട്. ഇതിന്റെ പേരില്‍ സ്റ്റുഡിയോയിലെ സാധനങ്ങള്‍ പള്ളി കമ്മറ്റി അധികൃതര്‍ പിടിച്ചു വച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തമായി വീഡിയോ ജോലികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ഒരു വിവാഹ ചടങ്ങിനിടെയാണ് ഷിനുവിനെ പരിചയപ്പെട്ടത്.