കൊല്ലം: ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തത് ഭാര്യയുടെ കാമുകന്റെ ഭീഷണിയെ തുടര്‍ന്നെന്ന് തെളിയുന്നു. ചവറ ശങ്കരമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അദ്ധ്യാപകന്‍ പവിഴം ചന്ദ്രന്‍പിള്ളയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പീപ്പില്‍ ന്യൂസ് ചാനല്‍ ആത്മഹത്യാ കുറിപ്പ് പുറത്ത് വിട്ടതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിഞ്ഞത്.
അദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിലാണു ഭാര്യാകാമുകന്റെ ഭീഷണിയുണ്ടെന്നു പറയുന്നത്. എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എസ് ബൈജുവിന്റെ നിരന്തര ഭീഷണിയാലാണു മരിക്കുന്നതെന്ന് ചന്ദ്രന്‍പിള്ള ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ചവറയിലെ വാടകവീട്ടില്‍ ഇന്നലെ രാവിലെയാണ് ചന്ദ്രന്‍പിള്ളയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ ഭാര്യയുടെ കാമുകനായ ടി എസ് ബൈജുവും സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിബുകുമാറും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും നിരന്തരം ഭീഷണി പ്പെടുത്തുകയാണെന്നും ചന്ദ്രന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ജീവിക്കാനുള്ള കൊതി ബാക്കി വച്ചിട്ടാണ് താന്‍ പോകുന്നതെന്നും ചന്ദ്രന്‍പിള്ള കത്തില്‍ പറയുന്നു. മാനസികമായി പീഡിപ്പിച്ചവരുടെ മൊബൈല്‍ നമ്പറും കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രന്റെ മരണത്തിനു കാരണമായവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടു പോകാനാണു ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്.