ബിലാസ്പൂർ:ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 25 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ബുർകപൽ-ചിന്താഗുഭ മേഖലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തറിൽ മാവോയിസ്റ്റ് ആധിപത്യം ഏറ്റവും രൂക്ഷമായ പ്രദേശമാണിത്. – ആറ് സൈനികർക്ക് പരിക്കേറ്റു. സുഖ്മ ജില്ലയിൽ ചിന്താഗുഭക്കടുത്ത് കലാ പതാറിലാണ് ഇന്നുച്ചയോടെ ഏറ്റുമുട്ടലുണ്ടായത്. സുഖ്മ അഡീഷനൽ എസ്.പി ജിതേന്ദ്ര ശുക്ല സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് സംഭവം നടന്നത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ 12 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. മരണസംഖ്യ കൂടാനിടയുണ്ട്.
2010ൽ ദന്തേവാഡയിൽ നടന്ന നക്സൽ ആക്രമണത്തിൽ 76 പേരാണ് മരിച്ചത്. ദന്തേവാഡ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് സുഖ്മയിലേത്. ആക്രമണത്തെത്തുടർന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിംഗ് തൻെറ ഡൽഹി സന്ദർശനം റദ്ദാക്കി. അടിയന്തിര യോഗം ചേരാനായി റായ്പൂരിലേക്ക് തിരികെ വന്നു. ദശാബ്ദങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്ന തെക്കൻ ബസ്റ്ററിന്റെ ഭാഗമാണ് സുക്മ. ഇവിടെ മാർച്ച് 11ന് നടന്ന ആക്രമണത്തിൽ 12 സി.ആർ.പി.എഫ് ഭടന്മാർ കൊല്ലപ്പെടുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.