
ക്രൈം റിപ്പോർട്ടർ
ചെങ്ങന്നൂർ: അമേരിക്കൻ മലയാളിയായ അച്ഛനെ വെടിവച്ചു കൊലപ്പെടുത്താൻ മകനു കൂട്ടു നിന്നതു ആറു കുപ്രസിദ്ധ ഗുണ്ടകളെന്നു സൂചന. മകന്റെ സുഹൃത്തുക്കളായ ക്വട്ടേഷൻ സംഘാംഗങ്ങൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കൻ മലയാളി ചെങ്ങന്നൂർ വാഴാർമംഗലം ഉഴത്തിൽ വീട്ടിൽ ജോയ് ജോണിനെ (68), മകൻ ഷെറിൻ ജോൺ (36) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കത്തിച്ചു അവശിഷ്ടം പമ്പയാറ്റിൽ ഒഴുക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ മകൻ ഷെറിൻ ജോണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്.
സ്വത്ത് തർക്കത്തെ തുടർന്നു അച്ഛനെ മകൻ വെടിവച്ചു കൊല്ലുകയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അച്ഛനെ കൊലപ്പെടുത്തുന്നതിനു മകനൊപ്പം കൂട്ടു നിന്ന ക്വട്ടേഷൻ സംഘത്തെ കണ്ടെത്തുന്നതിനാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. ചെങ്ങന്നൂർ ഡിവൈഎസ്പി കെ.ആർ ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ സിഐ അജയ്‌നാഥ്, മാന്നാർ സിഐ ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിൽ എട്ട് എസ്‌ഐ മാരടങ്ങുന്ന 22 അംഗ പോലീസ് സംഘവും എസ്പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡുമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ 25ന് പുലർച്ചെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഗ്രേ കളറിലുള്ള കെഎൽ 2 റ്റി 5550 സ്‌കോഡ കാറിന്റെ എസി ശരിയാക്കാനായി ജോയിജോണും മകനും ഒന്നിച്ച് വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടു.
ഉച്ചക്ക് 12.30ന് ഇവർ ഷോറുമിൽ നിന്നും വീട്ടിലേക്ക് മടങ്ങി. വൈകിട്ട് 4.30ന് ഭാര്യ മറിയാമ്മ, ജോയിജോണിനെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ ചെങ്ങന്നൂരിന് സമീപം മുളക്കുഴയിലെത്തിയതായി പറഞ്ഞു. എന്നാൽ രാത്രി ഒൻപതായിട്ടും ഇരുവരും വീട്ടിലെത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരേയും കിട്ടിയില്ല.
തുടർന്ന് ഇളയമകൻ ഡോ. ഡേവിഡും സുഹൃത്തായ ജിനുവും ഇരുവരേയും ചെങ്ങന്നൂർ ടൗണിലും ഇവർ എത്താൻ സാധ്യതയുള്ള ഇടങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 26ന് രാവിലെ 8.30ന് മകൻ ഷെറിൻജോൺ അമ്മ മറിയാമ്മയെ ഫോണിൽ വിളിച്ച് താൻ അച്ഛനുമായി വഴക്കിട്ടതായും അബദ്ധം പറ്റിയതായും ക്ഷമിക്കണം എന്നും പറഞ്ഞശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തുടർന്നാണ് മറിയാമ്മ ഇരുവരേയും കാണാനില്ലെന്നു കാട്ടി പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തെരച്ചിലിനിടെ കഴിഞ്ഞ ദിവസം ഇവരുടെ നഗരമദ്ധ്യത്തിലെ ബഹുനിലകെട്ടിടത്തിന്റെ ഗോഡൗണിലെ പാർക്കിങ് ഏരിയായിലും പരിശോധന നടത്തി. ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയിൽ രക്തം ചീറ്റിത്തെറിച്ച നിലയിലും തുണികൾ കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലും കാണപ്പെട്ടു. ഇവിടെനിന്നും മാംസം കത്തിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നും ലഭിച്ച ഒരു കാലിലെ ചെരുപ്പും ഉടുപ്പിന്റെ ഒരു ബട്ടണും ഭർത്താവിന്റെതാണെന്ന് ഭാര്യ തിരിച്ചറിഞ്ഞു.
ഇതോടെയാണ് ജോയ്‌ജോൺ കൊലചെയ്യപ്പെട്ടതാകാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നത്. തുടർന്ന് ഷെറിൻ ജോണിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ 26ന് തിരുവല്ലയിലുണ്ടായിരുന്നതായി കണ്ടെത്തി. ഇവിടെ കൽബ് സെവനിൽ രാത്രി 8.30വരെ ഷെറിൻ ചെലവഴിച്ച ദൃശ്യങ്ങൾ സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജോയി ജോണിനെ കൊലപ്പെടുത്തിയ ശേഷം പമ്പാ നദിയിൽ മൃതദേഹം ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആറാട്ടുപുഴ മുതൽ നെടുമുടിവരെയുള്ള ഭാഗത്ത് രണ്ട് സ്പീഡ് ബോട്ടുകളിലായി പോലീസ് സംഘം രാത്രി വൈകിയും തെരച്ചിൽ നടത്തുകയാണ്.
ഗോഡൗണിൽ രക്തക്കറ കണ്ടതോടെ ചെങ്ങന്നൂർ തഹസീൽദാർ ആർ. സദാശിവൻ, കൊല്ലം ഫോറൻസിക് അസ്സിസ്റ്റന്റ് രാജീവ്, വിരലടയാള വിദഗ്ധ ഡോ. എസ്. മഞ്ജുഷ, സയന്റിഫിക് അസ്സിസ്റ്റന്റ് ഹരിപ്രശാന്ത് എന്നിവരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ വൈകിട്ട് ജില്ലാ പോലീസ് മേധാവി പി. അശോക് കുമാറും സ്ഥാലം സന്ദർശിച്ചു.