ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് എം..പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കർ ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ട് നാളേക്കു മൂന്നു വർഷം തികയുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. കേസ് തുടക്കത്തിൽ അന്വേഷിച്ച ഡൽഹി പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉണ്ടാക്കിയതാണ് കേസ് നടപടിയിലെ അവസാന പുരോഗതി.
അന്തിമ റിപ്പോർട്ട് ഉടൻ ഡൽഹി പോലീസ് കമ്മിഷണർക്കു കൈമാറുമെന്നാണ് സൂചന. ഡൽഹി പോലീസിനെ ഏറ്റവുമധികം കുഴക്കിയ കേസ് എങ്ങുമെത്താത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കാനും നീക്കം നടക്കുന്നു. മാരക വിഷം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷമാദ്യം സംഭവത്തിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. എഫ്.ഐ.ആറിൽ ആരുടെയും പേര് പരാമർശിച്ചിരുന്നില്ല. തരൂരിനെയും അടുത്ത സുഹൃത്തുക്കളെയും വീട്ടുജോലിക്കാരെയും സുനന്ദയുടെ മകനെയും പലതവണ ചോദ്യംചെയ്തു. ഏതാനും പേരെ നുണപരിശോധനയ്ക്കു വിധേയരാക്കി.
തരൂരിന്റെ സുഹൃത്തും പാക് മാധ്യമപ്രവർത്തകയുമായ മെഹർ തരാറിനെയും ചോദ്യംചെയ്തു. അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ സഹായം വരെ തേടിയ കേസാണിത്. ഭീകരപ്രവർത്തന കേസുകളിൽ നേരത്തേ എഫ്.ബി.ഐയുടെ സഹായം തേടിയിട്ടുണ്ടെങ്കിലും കൊലക്കേസിൽ ഇതാദ്യമായിരുന്നു.2014 ജനുവരി 17നു രാത്രിയാണ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2010 ഓഗസ്റ്റിലാണ് കശ്മീരുകാരിയായ സുനന്ദയും അന്നു കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂരും വിവാഹിതരായത്. രണ്ടു പേരുടെയും മൂന്നാം വിവാഹമായിരുന്നു അത്.
അന്വേഷണം എങ്ങുമെത്തിയില്ലെന്നതടക്കമുള്ള വിശദാംശങ്ങൾ ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. മരണത്തിലേക്കു നയിച്ച സാഹചര്യങ്ങൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനാൽ മരണകാരണം നിഗൂഢമായി തുടരുമെന്നാണ് പോലീസ് പറയുന്നത്. മാരകമായ രാസപദാർഥം ഉള്ളിലെത്തിയതാണ് മരണകാരണമെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അത് സുനന്ദയുടെ ഉള്ളിൽ എങ്ങിനെയെത്തിയെന്നു കണ്ടെത്താനായില്ല. സ്വയം കഴിച്ചതാണോ, ബലംപ്രയോഗിച്ചു കഴിപ്പിച്ചതാണോ, കുത്തിവയ്പ്പിലൂടെ ശരീരത്തിലേക്കു കടത്തിവിട്ടതാണോ എന്നീ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയില്ല.