ചർമ്മം കണ്ടാൽ പ്രായം തോന്നാതിരിക്കാൻ സൂര്യതാപം ഒഴിവാക്കണമെന്ന് പഠനം.സൂര്യതാപമേൽക്കാതെ സൂക്ഷിച്ചാൽ കാണാൻ 20 വർഷം വരെ ചെറുപ്പമായി തോന്നുമെന്ന് കണ്ടെത്തൽ. അമേരിക്കയിലെ മസാചൂസിറ്റ്‌സിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. സൂര്യതാപം ഏൽക്കാതിരിക്കുകയും, സൺസ്‌ക്രീൻ ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് ശരിക്കുമുള്ളതിന്റെ 20 വയസുവരെ കാഴ്ചയിൽ പ്രായം കുറവ് തോന്നുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ അക്കാദമി ഓഫ് ഡെർമ്മറ്റോളജിയിലാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.
231 സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. കൃത്യമായ വ്യായാമവും, രാത്രിയിൽ നന്നായി വെള്ളം കുടിക്കുന്നതും മികച്ച ഉറക്കവുമെല്ലാം ചർമ്മത്തിന്റെ പ്രായക്കുറവിന് കാരണമായി പലരും പറയുന്നുണ്ട് . എന്നാൽ ധാരാളം വെള്ളം കുടിക്കുന്നതിന് സൗന്ദര്യവുമായി വലിയ ബന്ധമില്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. അലക്‌സ കിംബോൾ പറയുന്നത്. എത്രമാത്രം വെള്ളം ആവശ്യമാണെന്നത് തിരിച്ചറിയാൻ ശരീരത്തിന് കഴിയുമെന്നും, അധികം വെള്ളം കുടിക്കുന്നതിന് വലിയ മാറ്റമുണ്ടാകാനാകില്ലെന്നും അവർ പറയുന്നു.
സ്ത്രീകളുടെ തൊലിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ, സൂര്യതാപം കൊണ്ടുണ്ടാകുന്നത് ഗുരുതരമായ തകരാറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖത്തുനിന്നെടുത്ത തൊലിയിൽ കാണപ്പെടുന്ന സിഡികെഎൻ2എ എന്ന ജീൻ, മറ്റ് ശരീരഭാഗങ്ങളേക്കാൾ കൂടുതൽ സജീവമായി കാണപ്പെടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പ്രായമായി കാണപ്പെടുന്ന, സൂര്യതാപമേൽക്കുന്ന സ്ത്രീകളിലും ഈ ജീൻ കൂടുതൽ സജീവമാണെന്നും കണ്ടെത്തലുണ്ട്.
സജീവമായ സിഡികെഎൻ2എ ജീനിന്റെ പ്രകടനം, സെല്ലുകൾ പ്രായമായി വിശ്രമം ആവശ്യപ്പെടുന്നതിന്റെ സൂചനയാണെന്നും ഡോ കീംബോൾ പറയുന്നു. ചർമ്മത്തിന് പ്രായമാകുന്നതിനെക്കുറിച്ചുള്ള ആധികാരിക പഠനമാണ് നടന്നതെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ ഡോ.ഫ്രോക് ന്യൂസറും അഭിപ്രായപ്പെട്ടു. ദിവസവും സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പഠനം നിർദേശിക്കുന്നു