സിനിമാ ഡെസ്‌ക്
കൊച്ചി: മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഒരു പറ്റം സൂപ്പർ താരങ്ങളാണെന്നത് പരസ്യമായ രഹസ്യമാണ്. തങ്ങളുടെ ഇഷ്ടക്കാരെ സിനിമാ താരങ്ങളാക്കുന്നതും സംവിധായകരാക്കുന്നതും ഇഷ്ടമില്ലാത്തവരെ ഒതുക്കുന്നതും ഈ സൂപ്പർ താരങ്ങൾ തന്നെയാണ്. തനിക്കിഷ്ടമില്ലാത്തതിന്റെ പേരിൽ ഒരു നായികയ്ക്കു അവസരം നഷ്ടമായെന്നു അടുത്തിടെ ഒരു സൂപ്പർ താരം തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതുമുഖ സംവിധായകൻ സൂപ്പർ താരത്തിൽ നിന്നു നേരിട്ട അവഗണന തുറന്നു പറഞ്ഞിരിക്കുന്നത്.
ലക്ഷ്യം എന്ന സിനിമ ലക്ഷ്യത്തിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടിട്ടുണ്ട് സംവിധായകൻ അൻസാർ ഖാൻ. തന്റെ ആദ്യ ചിത്രത്തിന് വേണ്ടി അഞ്ചുവർഷം ഒരു സൂപ്പർ താരം തന്നെ നടത്തിച്ചെന്ന് അൻസാർ ഖാൻ പറയുന്നു. എന്നാൽ ആ ചിത്രം എങ്ങുമെത്തിയില്ല. അതിന് ശേഷം സംവിധായകൻ ജിത്തു ജോസഫിന്റെ സഹായത്തോടെയാണ് തന്റെ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്നതെന്നും അൻസാർ പറയുന്നു.
”ഞാൻ സംവിധായകൻ വിജി തമ്പിയുടെ അസിസ്റ്റന്റായിരുന്നു. അഞ്ചു വർഷം മുമ്പ് തന്നെ എല്ലാവരേയും പോലെ സംവിധാന മോഹം എന്റെ തലയ്ക്കും പിടിച്ചു.
ഒരു കഥയുമായി ഒരു സൂപ്പർ താരത്തിനു പിന്നാലെ അഞ്ചുവർഷത്തോളം നടന്നു. എന്നെ ഇഷ്ടമായില്ലെങ്കിൽ അത് പറഞ്ഞാൽ മതിയായിരുന്നു. അല്ലാതെ ഇങ്ങനെ നടത്തിക്കരുതായിരുന്നു. ആ സൂപ്പർ താരത്തിനു തലക്കനമാണ്. അഹങ്കാരവും, താരജാഡയും തലയ്ക്കു പിടിച്ചിരിക്കുകയാണ്.
ഇന്ന് ഒരുപാട് സിനിമാ നടന്മാരുണ്ട്. പക്ഷെ അന്ന് അങ്ങനെയല്ല. മൂന്ന് നാല് പേരെ ചുറ്റിപ്പറ്റിയാണ് സിനിമാ ലോകം. ആദ്യ ചിത്രത്തിൽ സൂപ്പർ താരത്തെ നായകനാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും.
ഒരുപക്ഷെ എനിക്കും പ്രായം കുറവായിരുന്നു. എന്നെ കണ്ടപ്പോൾ പക്വത ഇല്ലാത്ത പയ്യനെപ്പോലെ അവർക്കും തോന്നിക്കാണും. അതുകൊണ്ടാവും എന്നെ നടത്തിച്ചത്”.- അൻസാർ പറയുന്നു. മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് സിനിമാക്കാർ എന്ന് പറയുന്നത് ഒരു ബെൽറ്റാണ്. അവർ അവരുടെ ചങ്ങാതികളുമായി മാത്രമേ സിനിമ ചെയ്യൂ. ശരിക്കും അത് തെറ്റായ ഒരു രീതിയാണ്. അങ്ങനെ ചെറിയ ഒരു ലോകത്തേക്ക് ഒതുങ്ങുമ്പോൾ ഉണ്ടാകുന്ന സിനിമയിലും വ്യത്യസ്തത ഉണ്ടാകില്ലെന്നും അൻസാർ പറയുന്നു.
ഈ സിനിമയിലും താരങ്ങളെക്കാണാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എല്ലാവർക്കും സിംഗിൾ ഹീറോ ചെയ്യണമെന്നാണാഗ്രഹം. ചിലർ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ആരും സമ്മതം മൂളിയില്ല.
പിന്നെ ബിജു മേനോനിലേക്കെത്തുകയായിരുന്നു. നടന്മാരും അവരുടെ കരിയർ പണയം വച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. പക്ഷെ ഞാൻ പറഞ്ഞത് ഒരു തുടക്കക്കാരന്റെ വേദനയാണെന്നും അൻസാർ പറയുന്നു.
ഒരു ഇമോഷണൽ ത്രില്ലറാണ് ‘ലക്ഷ്യം’. ബിജുമേനോനും ഇന്ദ്രജിത്തുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ശിവദയാണ് നായിക. ജിത്തു ജോസഫാണ് തിരക്കഥ എഴുതിയിരിക്കുന്നത്.