സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: സിനിമാ മേഖലയിൽ വിപ്ലവ പോരാട്ടത്തിനിറങ്ങിയ വനിതാ സംഘടനയ്ക്കു ആദ്യം തന്നെ കനത്ത തിരിച്ചടി. സംഘടന തുടക്കമിടും മുൻപ് പിളർപ്പിലേയ്ക്കു നീങ്ങുന്നതായാണ് പ്രാഥമിക സൂചനകൾ ലഭിക്കുന്നത്.
ബഹുഭൂരിപക്ഷം വനിതാ സിനിമാ പ്രവർത്തകരും ‘വുമൺ ഇൻ കളക്റ്റീവ് സിനിമ’ എന്ന പുതിയ സംഘടനയോട് മുഖം തിരിച്ചിരിക്കുകയാണ്. മഞ്ജുവും മറ്റു താര സംഘടനാ ആംഗങ്ങളും അംഗത്വവിതരണത്തിനായി സമീപിക്കുമ്പോൾ നായിക നടിമാരിൽ പലരും തങ്ങൾ തയ്യാറല്ലെന്ന മറുപടിയാണ് ഇപ്പോൾ നൽകുന്നത്.
മുഖ്യമന്ത്രിയെ കണ്ടു എന്നതൊഴികെ വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനക്ക് സർക്കാരോ, സിപിഎമ്മോ അമിത പ്രാധ്യാനം നൽകുന്നുമില്ല.
താര സംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി നടൻ മമ്മൂട്ടി, അമ്മ പ്രസിഡന്റും ഇടതു എംപിയുമായ ഇന്നസെന്റ് എന്നിവരുടെ നിലപാടുകൾക്കെതിരായ ഒരു സമീപനവും പരിഗണനയും സ്വീകരിക്കേണ്ടതില്ലെന്നാണ് സിപിഎം തലപ്പത്തെ തീരുമാനം. എന്നാൽ, ഇപ്പോൾ തിടുക്കപ്പെട്ട് വനിതാകൾ സംഘടന രൂപീകരിച്ചതിനെ മമ്മൂട്ടി ശക്തമായി എതിർക്കുകയാണ്. ഇത്തരത്തിൽ അമ്മയ്ക്കു ബദലായി സംഘടന രൂപീകരിച്ചത് അമ്മയ്ക്കു തന്നെ നാണക്കേടായെന്നന നിലപാടാണ് മമ്മൂട്ടിയ്ക്ക്. നടൻ മമ്മൂട്ടിയുമായി വ്യക്തിപരമായി വളരെ അടുപ്പമുള്ള മുഖ്യമന്ത്രി പിണറായിയും ഇപ്പോൾ ഈ നിലപാടിലാണെന്നാണ് സൂചന.
അമ്മയ്ക്ക് ബദലായി പുതിയ സംഘടനയെ വിലയിരുത്തപ്പെടുന്ന പശ്ചാത്തലത്തിലാണിത്.
ഇതിനിടെ മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള സംഘടനക്ക് സിനിമ എഡിറ്ററും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സനുമായ ബീനാ പോൾ ‘കുട’ പിടിച്ചതിൽ അമ്മയുടെ തലപ്പത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ‘വുമൺ ഇൻ കളക്റ്റീവ് സിനിമ’ ഷൂട്ടിങ്ങ് സെറ്റിൽ തെറ്റായ കാര്യങ്ങൾ നടക്കുന്നതായ രൂപത്തിൽ പരാമർശിച്ചത് ബോധപൂർവ്വമാണെന്നും ഇത് വാർത്തയാക്കുക മാത്രമായിരുന്നു സന്ദർശന ഉദ്യേശലക്ഷ്യമെന്നും പ്രമുഖ താരം സിപിഎം നേതൃത്ത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതായാണ് അറിയുന്നത്.
ഒരേ സമയം ബിജെപി വേദിയിൽ നൃത്തം ചവിട്ടുകയും മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം വേദി പങ്കിടുകയും ചെയ്യുന്ന മഞ്ജു വാര്യരുടെ നിലപാടുകളും ഇപ്പോൾ സിപിഎം നേതൃത്ത്വത്തിൽ സജീവ ചർച്ചാ വിഷയമാണ്.
ദിലീപ്-മഞ്ജു വേർപിരിയലും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ഇപ്പോഴത്തെ വനിതാ താരസംഘടനയുടെ രൂപീകരണത്തിന് കാരണമായതെന്നാണ് നേതാക്കൾക്കിടയിലെ വിലയിരുത്തൽ.
അമ്മയിലെ ചില താരങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻപ് ഫെയ്സ് ബുക്കിൽ പോസ്റ്റിടാൻ ശ്രമിച്ചപ്പോൾ വിവരമറിഞ്ഞ മുതിർന്ന താരം വിലക്കിയിരുന്നു.
അമ്മ ജനറൽ ബോഡി യോഗം വരെ കാത്ത് നിൽക്കാനായിരുന്നു നിർദ്ദേശം.
മഞ്ജു വാര്യർക്ക് പുറമെ പാർവതി, രമ്യ നമ്പീശൻ, റിമ കല്ലുങ്കൽ, സജിത മഠത്തിൽ തുടങ്ങിയ താരങ്ങളാണ് വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനക്ക് നേതൃത്ത്വം നൽകുന്നത്.
നടി പത്മപ്രിയ, ഭാവന തുടങ്ങിയവരും ഇതിനോട് സഹകരിക്കുമെന്ന് സൂചനയുണ്ട്.
കൊച്ചിയിൽ വിപുലമായ യോഗം വിളിച്ചു ചേർക്കാനാണ് സംഘാടകരുടെ തീരുമാനം. എത്ര നടിമാർ വരും എന്ന് ഉറപ്പ് കിട്ടിയാൽ മാത്രമേ കൺവൻഷൻ നടക്കൂ.
സിനിമയിലെ മറ്റു മേഖലകളിൽ വനിതകൾ കുറവായതിനാലാണ് നടിമാർക്ക് പ്രാധാന്യം നൽകി ഒപ്പം നിർത്താൻ ശ്രമിക്കുന്നത്.
താരസംഘടന അമ്മയ്ക്ക് മാത്രമല്ല നിർമ്മാതാക്കൾക്കിടയിലും സംവിധായകർക്കിടയിലും മഞ്ജുവിന്റെ സംഘടനയോട് ശക്തമായ എതിർപ്പുള്ളതിനാൽ സിനിമയിൽ നിന്നു തന്നെ ഔട്ടാകുമെന്ന പേടിയിൽ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയാണ് ഭൂരിപക്ഷം നടിമാരുമിപ്പോൾ.