ന്യൂഡല്‍ഹി: സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ഭത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാകുമോന്ന് സുപ്രീം കോടതി ഗൂഗിളിനോട് ചോദിച്ചു. പീഡിപ്പിച്ച ശേഷം അശ്ലീല ദൃശ്യങ്ങള്‍ എടുത്ത് പ്രചരിപ്പിക്കുന്നത് തടയാനാണ് ശ്രമം എന്ന് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് തടയാന്‍ ആഭ്യന്തരസംവിധാനം ഉണ്ടാക്കാനാകുമോയെന്നാണ് ജഡ്ജിമാരായ എം.ബി. ലോകൂര്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ചോദിച്ചത്. അതേസമയം, വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട അമിക്കസ് ക്യൂറി, കേരളത്തില്‍ നടിയെ കാറിനകത്തുവെച്ച് ഉപദ്രവിച്ച് മൊബൈലില്‍ പകര്‍ത്തിയ സംഭവവും ചൂണ്ടിക്കാട്ടി.
അശ്ലീലവീഡിയോകള്‍ തടയുന്നതില്‍ നിരുപാധികം സഹകരിക്കാന്‍ ഗൂഗിള്‍ ഇന്ത്യ തയ്യാറാണെന്ന് അവരുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി അറിയിച്ചു. ഏതെങ്കിലും വെബ്സൈറ്റില്‍ ഇത്തരം സംഭവങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അറിയിച്ചാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍നിന്നോ ബന്ധപ്പെട്ട അധികൃതരില്‍നിന്നോ വിവരം ലഭിച്ചാല്‍ 36 മണിക്കൂറിനകം തടയാം.
എന്നാല്‍, ആരും വിവരമറിയിച്ചില്ലെങ്കില്‍ സ്വമേധയാ നടപടിയെടുക്കാനാകുമോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഗൂഗിളിന്റെ മറുപടി. സ്വന്തം നിലയ്ക്ക് അവ കണ്ടെത്താന്‍ സാധിക്കില്ല. നിയമപരമായി അതിന് തങ്ങള്‍ക്ക് ബാധ്യതയുമില്ല.
വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതുതന്നെ തടയാന്‍ സംവിധാനം വേണമെന്ന് കേസിലെ അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് ആവശ്യപ്പെട്ടു. ഇത്തരം എട്ടോ ഒമ്പതോ വീഡിയോകളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം തുടങ്ങിയിരുന്നു. അപ്പോള്‍ കൂടുതല്‍ സംഭവങ്ങള്‍ വെളിച്ചത്തുവന്നു. അവയെക്കുറിച്ചും അന്വേഷണം വേണമെന്ന് അപര്‍ണഭട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തെ ആരും തടഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
കേരളത്തില്‍ കഴിഞ്ഞദിവസം നടിയെ കാറിനകത്തുവെച്ച് അപമാനിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തത് അപര്‍ണ ഭട്ട് ചൂണ്ടിക്കാട്ടി. അടുത്തിടെ, കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതായി ഇന്റര്‍പോള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍നിന്ന് ഒരാളെ അറസ്റ്റുചെയ്തുവെന്നും അപര്‍ണ അറിയിച്ചു.
ഇന്റര്‍പോളിന് വിവരം ലഭിക്കുകയും നമ്മുടെ പോലീസിന് അത് സാധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. യു.എസ്.എ.യില്‍ അന്വേഷണ ഏജന്‍സികളുമായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സഹകരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് അപര്‍ണ അറിയിച്ചു. തുടര്‍ന്ന് കേസ് ഈമാസം 27-ലേക്ക് മാറ്റി.