ന്യൂഡല്‍ഹി: അശ്ലീലവീഡിയോകള്‍ സമൂഹമാധ്യമങ്ങളിലെത്തുന്നതും പ്രചരിക്കുന്നതും തടയാനുള്ള സാങ്കേതികപരിഹാരം കണ്ടെത്താന്‍ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സുപ്രീംകോടതി സമിതിക്ക് രൂപംനല്‍കി.
ഗൂഗിള്‍ ഇന്ത്യ, മൈക്രോസോഫ്റ്റ് ഇന്ത്യ, യാഹൂ ഇന്ത്യ, ഫെയ്സ്ബുക്ക് തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് സമിതിയുണ്ടാക്കിയത്. പതിനഞ്ച് ദിവസത്തിനകം യോഗംചേര്‍ന്ന് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി അടുത്തമാസം 20-ന് കോടതിയെ അറിയിക്കണം.
സുനിത കൃഷ്ണന്റെ പ്രജ്വല എന്ന സംഘടന സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്താണ് കോടതി പരിഗണിക്കുന്നത്. ബലാത്സംഗദൃശ്യങ്ങളടങ്ങുന്ന രണ്ട് വീഡിയോകളും കത്തിനൊപ്പം അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ സ്വമേധയാ കേസെടുത്ത കോടതി അന്വേഷണം നടത്താന്‍ സി.ബി.ഐ.യോടാവശ്യപ്പെട്ടിരുന്നു.
ലൈംഗികകുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നതു സംബന്ധിച്ച സംവാദങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും തുടങ്ങിക്കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് എന്തുതീരുമാനമെടുത്താലും നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.