നിയമകാര്യ ലേഖകൻ
ന്യൂഡൽഹി: കേരളത്തിലെ മാധ്യമങ്ങൾക്ക് എന്തു പറ്റിയെന്ന ചോദ്യമാങ് സൗമ്യ കേസ് കൈകാര്യം ചെയ്ത രീതി കണ്ട് പൊലീസും അഭിഭാഷകരും ചോദിക്കുന്നത്. സൗമ്യ കേസിന്റെ വാദം സുപ്രീം കോടതിയിൽ നടക്കുന്നതിനിടെ ജഡ്ജി ചോദിച്ച ചോദ്യങ്ങളുടെ പിന്നാലെ കേസ് അട്ടിമറിക്കപ്പെടുകയാണ് എന്നു വിലപിച്ച് ഇപ്പോൾ നടക്കുകയാണ് കേരളത്തിലെ മാധ്യമങ്ങൾ. കേസിന്റെ വാദവും തുടർവാദവും നടക്കുന്നതിന്റെ സാങ്കേതികത്വം പോലും മനസിലാക്കാതെ ജഡ്ജിയുടെ വായിൽ നിന്നു വീണ വാക്കിനെ എടുത്ത് വിവാദമാക്കിയ മാധ്യമങ്ങൾക്കെതിരെനിയമവൃത്തങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
ഗോവിന്ദചാമി സൗമ്യയെ ട്രെയിനിൽ നിന്നു തള്ളിയിട്ടതിനു തെളിവുണ്ടോ എന്നു ജഡ്ജി ചോദിച്ചതിനു പിന്നാലെ സൗമ്യ കേസ് അട്ടിമറിക്കപ്പെടുകയാണെന്നു വിലപിച്ച് കേരളത്തിലെ മാധ്യമങ്ങൾ രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ, കേസിന്റെ പിന്നാമ്പുറം തിരക്കാനോ വാസ്തവം അന്വേഷിക്കുന്നതിനോ മാധ്യമങ്ങൾ ഒന്നും തന്നെ തയ്യാറായിട്ടില്ലെന്ന വിമർശനവും ഇതിനിടെ തന്നെ ഉയരുന്നു. സൗമ്യ കേസ് ഉണ്ടായി ഏഴു വർഷം കഴിഞ്ഞ് വിചാരണ കോടതിയും, ഹൈക്കോടതിയും ഗോവിന്ദചാമിയ്ക്കു വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഗോവിന്ദചാമി കേസി്ൽ അപ്പീലുമായി ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഗോവിന്ദചാമിയുടെ അപ്പീൽ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ജഡ്ജി വാക്കാൽ നടത്തിയ പരാമർശമാണ് ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ വിവാദമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇത് ഏറ്റെടുക്കുക കൂടി ചെയ്തതോടെ ആളൂരിലും ഗോവിന്ദചാമിക്കും അധോലോക ബന്ധമുണ്ടെന്നും, ജഡ്ജിമാരെയും സ്വാധീനിക്കാൻ ഇവർ ശ്രമിച്ചെന്നുമായി മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും പ്രചാരണം. എന്നാൽ, കേസിന്റെ യാഥാർഥ്യം മനസിലാക്കാൻ ഇനിയും കേരളത്തിലെ മാധ്യമങ്ങൾ ശ്രമിക്കുന്നില്ലെന്നാണ് വാസ്തവം.
സുപ്രീം കോടതിയിൽ കേസിന്റെ അപ്പീൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജി വാക്കാൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. കേസിലെ പ്രതിയായ ഗോവിന്ദചാമി ട്രെയിനിൽ നിന്നു സൗമ്യയെ തള്ളിയിട്ടതിനു തെളിവുണ്ടോ എന്നുള്ള വളരെ നിർണായകമായ ചോദ്യം തന്നെയാണ് സുപ്രീം കോടതി ജഡ്ജി ചോദിച്ചതും. ഹൈക്കോടതിയിലും, വിചാരണ കോടതിയിലും നടക്കുന്ന രീതിയിൽ രേഖകളെല്ലാം ജഡ്ജിമാരുടെ മുന്നിൽ നിരത്തിയ ശേഷമുള്ള വാദമല്ല സുപ്രീം കോടതിയിൽ നടക്കുന്നതെന്നു മനസിലാക്കാത്ത മാധ്യമ പ്രവർത്തകരുടെ ആവേശമാണ് ഇപ്പോൾ തെറ്റിധാരണ പടർത്തിയിരിക്കുന്നത്. കേസിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ മാത്രമാണ് സുപ്രീം കോടതിയിൽ നടക്കുന്നത്. ഇവിടെ രേഖകളല്ല, മറിച്ച് ഇരുവിഭാഗത്തിന്റെയും അഭിഭാഷകർ തന്നെയാണ് തങ്ങളുടെ വാദമുഖങ്ങൾ നിരത്തുന്നത്. ഹൈക്കോടതിയിലെ വിധിയെ ഖണ്ഡിക്കുന്ന തെളിവുകൾ പ്രതിഭാഗം ഹാജരാക്കിയെങ്കിൽ മാത്രമേ കേസിൽ നിന്നു പ്രതിയെ വിട്ടയക്കാനോ, ശിക്ഷ ഇളവ് ചെയ്യാനോ സുപ്രീം കോടതി തയ്യാറാകൂ. എന്നാൽ, ഇത്തരം തെളിവുകളൊന്നും തന്നെ ഇതുവരെയും ഹാജരാക്കാനോ, വാക്കാൻ പറയാനോ പ്രതിഭാഗം അഭിഭാഷകനു സാധിച്ചിട്ടുമില്ല. ഇതെല്ലാം നിലനിൽക്കെയാണ് ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ സൗമ്യ കേസിൽ പ്രതിരക്ഷപെടുമെന്ന രീതിയിൽ പ്രചാരണം നടത്തുന്നത്.
കേസിന്റെ വാദത്തിനിടെയുണ്ടായ ചോദ്യത്തിനു മറുപടി പറയാൻ സർക്കാർ അഭിഭാഷകനു കോടതി അവസരവും നൽകിയിട്ടുണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് വിവാദവ്യവസായവുമായി കേരളത്തിലെ ഒരു പറ്റം മാധ്യമങ്ങളും, സോഷ്യൽ മീഡിയയും ഇറങ്ങിയിരിക്കുന്നത്. ഗോവിന്ദചാമിക്കും, ആളൂരിനും അധോലോക ബന്ധമുണ്ടെന്നു വിലപിക്കുന്ന മാധ്യമങ്ങൾക്കു, അന്വേഷണാത്മക പത്രപ്രവർത്തകർ എന്നു സ്വയം വിശേഷിപ്പിക്കുന്നവർക്കും ഈ ബന്ധത്തിന്റെ ഒരു തുമ്പു പോലും കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നത് സ്ഥിതി ദയനീയമാക്കുന്നു.