ദേശിയ സംസ്ഥാന പാതകള്‍ക്കരികെ മദ്യവില്‍പ്പന സുപ്രീം കോടതി നിരോധിച്ചു കേരളത്തിലെ ബിയര്‍പാര്‍ലറുകള്‍ക്കും ബിവറേജ് ഷോപ്പുകള്‍ക്കും പൂട്ട് വീഴും

ന്യൂഡല്‍ഹി: ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും സമീപത്തുള്ള എല്ലാ മദ്യശാലകളും അടച്ച് പൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം പാതകള്‍ക്ക് 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ച് പൂട്ടണമെന്നും എന്നാല്‍ നിലവില്‍ ലൈസന്‍സുള്ളവര്‍ക്ക് വരുന്ന മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. ഈ വിധി നടപ്പിലാക്കുന്നതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം മദ്യ വില്‍പ്പന ശാലകളും അടച്ചുപൂട്ടേണ്ടിവരും. ഈ വിധി ബാറുകള്‍ക്കും ബാധകമായതോടെ മദ്യനിരോധനത്തില്‍ അടിതെറ്റിയ ബാര്‍ മുതലാളിമാര്‍ക്ക് ഇരുട്ടടിയാകും.

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന് നേരത്തെ തന്നെ വിവിധ ഹൈക്കോടതികള്‍ നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് വിവിധ സംസ്ഥാന സര്‍ക്കാറുകളും മറ്റുള്ളവരും നല്‍കിയ ഹര്‍ജികള്‍ കുറേ കാലങ്ങളായി കോടതിയില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഈ കേസുകള്‍ക്കാണ് ഇന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. രാജ്യത്ത് ദേശീയ-സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും പൂട്ടണമെന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ഇപ്പോള്‍ ലൈസന്‍സുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. ഏപ്രില്‍ ഒന്നുമുതല്‍ ഈ സ്ഥലങ്ങളില്‍ മദ്യശാലകള്‍ പാടില്ല. ഇതോടൊപ്പം 500 മീറ്റര്‍ പരിധിക്ക് അപ്പുറത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പരസ്യ ബോര്‍ഡുകളോ സൂചനകളോ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിക്കാനും പാടില്ല. എല്ലാ സംസ്ഥാന ഡിജിപിമാരും ജില്ലാ കളക്ടര്‍മാരും ഇക്കാര്യം ഉറപ്പുവരുത്തണം. വിധി നടപ്പാക്കിയ റിപ്പോര്‍ട്ട് ഒരു മാസത്തിനകം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നുമുതല്‍ ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപം പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യവില്‍പ്പന തന്നെ പാടില്ലെന്ന് ഉത്തരവിട്ടിരിക്കുന്നതിനാല്‍ മദ്യ ഷാപ്പുകള്‍ക്കും ബാറുകള്‍ക്കും കോടതി വിധി ഒരുപോലെ ബാധകമാണ്. മുനിസിപ്പല്‍ പ്രദേശങ്ങളിലൂടെ ദേശീയ, സംസ്ഥാന പാതകള്‍ കടന്നു പോകുന്നുണ്ടെങ്കില്‍ ആ പാതകള്‍ക്കും 500 മീറ്റര്‍ പരിധിയില്‍ മദ്യശാല പാടില്ലെന്ന് ഉത്തരവ് പറയുന്നു.

 

Top