ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. നോട്ട് നിരോധനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് നല്ലകാര്യമാണെങ്കിലും മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അയേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി നവംബര്‍ 25 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
500,1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതുമൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് നേരിടാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.അതേസമയം പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, കാമിനി ജെയ്സ്വാള്‍ എന്നിവര്‍ വാദിച്ചു.
നോട്ട് അസാധുവാക്കല്‍ മൂലം ചില പ്രശ്നങ്ങളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ഗി പറഞ്ഞു. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ പ്രസ്സുകള്‍ പകലും രാത്രിയും പ്രവര്‍ത്തിക്കുയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.നോട്ട് അസാധുവാക്കിയതോടെ 3.25 ലക്ഷം കോടിരൂപ നിക്ഷേപമായി ബാങ്കുകള്‍ക്ക് ലഭിച്ചുവെന്നു 55,000 കോടിയുടെ കറന്‍സി നോട്ടുകള്‍ വിനിമയത്തില്‍ ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.