ബാബ്‌റി മസ്ജിദ് രാമജന്മഭൂമി പ്രശ്‌നം കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ കോടതി; ഇരു വിഭാഗങ്ങളും തയ്യാറാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് സുപ്രീം കോടതി

അയോധ്യയിലെ ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനുള്ള സാധ്യതകള്‍ തേടി സുപ്രീം കോടതി. പ്രശ്‌നം ”ലോലവും” അതേസമയം ”വൈകാരികവും” ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ സാധ്യത തേടുന്നത്. അയോദ്ധ്യ ബാബ്‌റി മസ്ജിദ് വിഷയത്തില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചതോടെയാണ് കോടതി ഒത്തുതീര്‍പ്പിനുള്ള സാധ്യതകളെ കുറിച്ച് ആരാഞ്ഞത്. രണ്ട് വിഭാഗത്തിനും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കിലും ഇരുവിഭാഗത്തിനും സമ്മതമാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അഭിപ്രായപ്പെട്ടു.

ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദ്ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്ത് നിന്ന് മധ്യസ്ഥത ആയിക്കൂടെ എന്ന് ചോദിച്ചത്. 2010 ലാണ് അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചത്. ആറ് വര്‍ഷമായി പ്രശ്നം കോടതിയുടെ പരിഗണനയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിക്കു പുറത്ത് ഇരുകക്ഷികളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാം. താന്‍ നേരിട്ട് മധ്യസ്ഥത വഹിക്കാമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. അയോധ്യക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാം. വിശ്വാസപരമായ വിഷയങ്ങളില്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പാണ് നല്ലത്. ചര്‍ച്ചയിലൂടെയും പരസ്പരം വിട്ടുവീഴ്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ഇരുകക്ഷികളും യോജിച്ച് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. അയോധ്യക്കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റീസിന്റെ പ്രതികരണം.

ഇതു സംബന്ധിച്ച് ഇരുവിഭാഗവുമായി സുബ്രഹ്മണ്യന്‍ സ്വാമി ചര്‍ച്ച നടത്തണമെന്നും കോടതി വ്യക്തമാക്കി. രണ്ടു വിഭാഗങ്ങളും തയാറാണെങ്കില്‍ മാത്രം മധ്യസ്ഥതയ്ക്ക് ഇടപെടാണമെന്നും കോടതി അറിയിച്ചു. ഈ വിഷയത്തില്‍ രണ്ട് കക്ഷികളുമായി മധ്യസ്ഥതയ്ക്ക് സുബ്രഹ്മണ്യം സ്വാമി ശ്രമിക്കുമെന്നാണ് സൂചന. ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജിയിലെ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

തീവ്ര നിലപാടുകാരനായ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതോടെ വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മ്മാണ സമ്മര്‍ദം ശക്തമാക്കിയിരുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അയോധ്യ ശ്രീരാമക്ഷേത്ര വാഗ്ദാനം എത്രയും വേഗം നടപ്പാക്കുമെന്നു പൂര്‍ണ വിശ്വാസമുണ്ടെന്നു വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞിരുന്നു. ആദിത്യനാഥിനു വിഎച്ച്പിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും തൊഗാഡിയ പറഞ്ഞു. അയോധ്യ ക്ഷേത്ര നിര്‍മ്മാണ ആവശ്യമുന്നയിച്ച് ഈമാസം 28 മുതല്‍ ഏപ്രില്‍ 10 വരെ രാജ്യവ്യാപകമായി ശ്രീരാമോത്സവ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശമെത്തുന്നത്.

2010 സെപ്റ്റംബര്‍ 30ന് തര്‍ക്കഭൂമി മുന്ന് വിഭാഗങ്ങള്‍ക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചിരുന്നു. രാമക്ഷേത്രം തകര്‍ത്താണ് പള്ളിനിര്‍മ്മിച്ചതെന്നും അതിനാല്‍ പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കാണ് നിലവില്‍ സുപ്രീംകോടതിയുടെ സ്റ്റേയുള്ളത്.

Top