ന്യൂഡല്‍ഹി: രാജ്യത്ത് 16ഓളം സംസ്ഥാനങ്ങളില്‍ നിന്നായി 10 ലക്ഷത്തോളം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. സ്റ്റേ നല്‍കിയ കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഫെബ്രുവരി 13ന് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേന്ദ്രവും ഗുജറാത്ത് സര്‍ക്കാരും ആണ് സ്റ്റേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
കാലങ്ങളായി കേന്ദ്രം ഉറങ്ങുകയായിരുന്നോവെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി ചോദിച്ചു.അര്‍ഹതയില്ലാത്തവരെ വനഭൂമി കൈയേറാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ പരമ്പരാഗതമായ വനഭൂമിക്കായുള്ള അവകാശ അപേക്ഷ നിരസിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കി 16 സംസ്ഥാനങ്ങളും സത്യവാങ്മൂലം നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, എം.ആര്‍.ഷാ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ജൂലൈ 10ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി കോടതിയെ അറിയിക്കണം.വനാവകാശ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 24ന് മുമ്പ് ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. ഈ മാസം 13 കേസ് പരിഗണിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരായിരുന്നില്ല.
വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്. സുപ്രീം കോടതി വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കേണ്ടി വരും.കേരളത്തില്‍ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്റെ പരിരക്ഷയ്ക്കായി അപേക്ഷ നല്‍കിയത്. ഈ അപേക്ഷകളില്‍ 894 കുടുംബങ്ങള്‍ പരിരക്ഷയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തിയിരുന്നു.