ന്യൂഡല്‍ഹി: ലോകത്തെ പ്രമ്പലമായ പല മുസ്ലീ രാജ്യങ്ങലും നിരോധിച്ച മുത്തലാക്ക് എന്തിനാണ് ഇന്ത്യയില്‍ നിര്‍ബന്ധിതമാക്കുന്നതെന്ന് സുപ്രീം കോടതി. മുത്തലാഖിനെതിരെയുള്ള ഹര്‍ജികളുടെ വാദത്തിനിടിയില്‍ ശക്തമായ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്.
മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി. മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അപ്പോള്‍ പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സുപ്രീംകോടതി സ്വമേധയ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ രണ്ടാംദിവസം വാദംകേള്‍ക്കുമ്പോഴായിരുന്നു കോടതിനിരീക്ഷണം. സൗദി അറേബ്യയിലും പാക്കിസ്ഥാനിലും നിരോധിച്ച മുത്തലാഖ് എന്തിന് ഇന്ത്യയില്‍ നടപ്പാക്കുന്നുവെന്നും കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു.
വിവാഹമോചനത്തിനുള്ള ഏറ്റവും നീചവും അനഭിലഷണീയവുമായ മാര്‍ഗമാണു മുത്തലാഖ്. വധശിക്ഷപോലെയാണത്. ഏറ്റവും വെറുക്കപ്പെടുന്നതും. എന്നാല്‍ ഇപ്പോഴും അനുവദിക്കുന്നതുമായ കാര്യം- ഇങ്ങനെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍. മുത്തലാഖ് നിയമപരമാണെന്നു കരുതുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഇനി തിങ്കളാഴ്ച വാദം തുടരും. കോടതിയുടെ പരിശോധനയ്ക്കു വരേണ്ട വിഷയമല്ല മുത്തലാഖ് എന്ന് അമിക്കസ് ക്യൂറിയായ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു.
മുത്തലാഖിനോടു സാധ്യമല്ല എന്നു പറയാന്‍ മുസ്ലിം വനിതകള്‍ക്ക് അവകാശമുണ്ട്. നിക്കാഹ് നാമയിലെ (വിവാഹക്കരാര്‍) ഒരു വ്യവസ്ഥ എന്ന നിലയില്‍ വനിതകള്‍ക്ക് ഇതു പറയാവുന്നതാണ്. ഇതേസമയം, മുത്തലാഖ് പാപമാണെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഖുര്‍ഷിദ് കോടതിയെ ധരിപ്പിച്ചു. മുത്തലാഖിനു ഭരണഘടനാ സാധുതയോ നിയമസാധുതയോ നല്‍കാവുന്നതല്ല. മുത്തലാഖ് എന്ന ആചാരംതന്നെ നിലവിലില്ല എന്നാണു പല പ്രമുഖ മുസ്ലിം ചിന്തകന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. തുടര്‍ച്ചയായി മൂന്നുതവണ തലാഖ് പറഞ്ഞതുകൊണ്ടു വിവാഹമോചനമാകുന്നില്ല. ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെവരുമ്പോള്‍ ഖാസിമാരുടെ മുന്‍പാകെ അനുരഞ്ജനത്തിനു ശ്രമിക്കുകയാണു വേണ്ടത്. എന്നാല്‍, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മുത്തലാഖിനെ നിയമാനുസൃതമായി അംഗീകരിച്ചിട്ടുണ്ട് ഖുര്‍ഷിദ് ബോധിപ്പിച്ചു.
മുത്തലാഖ് പാപമാണെന്നാണ് ഇസ്ലാം കരുതുന്നതെങ്കിലും വ്യക്തിനിയമപ്രകാരം നിയമസാധുതയുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു. തുടര്‍ന്നാണ് ദൈവത്തിന്റെകണ്ണില്‍ പാപമായ കാര്യത്തിന് നിയമസാധുത നല്‍കാനാകുമോയെന്ന് ചീഫ് ജസ്റ്റിസ് ഖേഹര്‍ ആരാഞ്ഞത്. ”ദൈവത്തിന്റെ കണ്ണില്‍ പാപമായ കാര്യങ്ങള്‍ക്ക് നിയമസാധുതയുണ്ടോ? ദൈവം പാപമാണെന്ന് കരുതുന്ന ഒരു കാര്യത്തിന് നിയമസാധുത നല്‍കാനാവില്ല. അതിനു കഴിയുമോ?” – ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇസ്ലാംവിരുദ്ധവും പാപമായതും മറ്റ് മതനിയമങ്ങള്‍ അംഗീകരിക്കാത്തതുമായ ഒരു കാര്യത്തിന് സാധുത നല്‍കാന്‍ മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ക്കാകുമോയെന്ന് ജഡ്ജി കുര്യന്‍ ജോസഫും ചോദിച്ചു. കഴിയില്ലെന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി.
പല രാജ്യങ്ങളും തെറ്റായും പാപവുമായി കാണുന്ന വധശിക്ഷയ്ക്ക് ആ രാജ്യങ്ങളില്‍ നിയമസാധുതയുള്ളതുപോലെയാണ് മുത്തലാഖിന്റെ കാര്യമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇന്ത്യക്കുപുറത്ത് മുത്തലാഖ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഇന്ത്യക്കുപുറത്ത് ഈസമ്പ്രദായം ഇല്ലെന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി. അപ്പോള്‍ മുത്തലാഖ് ഇന്ത്യ കേന്ദ്രിതമാണല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.മുത്തലാഖ് നിരോധിച്ച ഇസ്ലാമിക രാജ്യങ്ങളുടെയും മറ്റു രാജ്യങ്ങളുടെയും പട്ടിക ഹാജരാക്കാന്‍ കോടതി ഖുര്‍ഷിദിനോട് ആവശ്യപ്പെട്ടു.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മെറോക്കോ, സൗദി അറേബ്യ തുടങ്ങി മുത്തലാഖിനു നിരോധനമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ പട്ടിക ഖുര്‍ഷിദ് സമര്‍പ്പിച്ചു. ഈ പട്ടികയില്‍ സൗദി അറേബ്യയുടെ പേര് ഇല്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. സൗദിയില്‍ എന്ത് നിയമമാണ് നിലനില്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. സൗദി പ്രവാചകന്റെ വാക്കുകളാണ് പിന്തുടരുന്നതെന്നും അവര്‍ നേരത്തെതന്നെ മുത്തലാഖ് നിരോധിച്ചതാണെന്നും കക്ഷികള്‍ക്കുവേണ്ടി ഹാജരായ മറ്റൊരഭിഭാഷകന്‍ ബോധിപ്പിച്ചു. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ഒരു കക്ഷിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാം ജെഠ്മലാനി വാദിച്ചു. മുത്തലാഖിനുള്ള അവകാശം പുരുഷനുമാത്രമാണുള്ളത്. ഇത് തുല്യതയ്ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ്. ഏകപക്ഷീയമായ വിവാഹമോചനം നിയമവിരുദ്ധമാണ്. ഖുറാനിലെ വചനങ്ങള്‍ക്ക് എതിരാണത്. അതുകൊണ്ട് റദ്ദാക്കണമെന്ന് ജെഠ്മലാനി ആവശ്യപ്പെട്ടു.
‘മുസ്ലിം സ്ത്രീകളുടെ സമത്വത്തിനുവേണ്ടിയുള്ള ദാഹം’ എന്നപേരില്‍ ലഭിച്ച പരാതിയില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ചീഫ് ജസ്റ്റിസ് കേഹാറിനു പുറമേ ജഡ്ജിമാരായ കുര്യന്‍ ജോസഫ്, യു.യു. ലളിത്, ആര്‍.എഫ്. നരിമാന്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍. വിവാഹമോചനത്തിന്റെ പേരിലോ ഭര്‍ത്താവിന്റെ ഇതരവിവാഹബന്ധം വഴിയോ മുസ്ലിം സ്ത്രീകള്‍ ലിംഗവിവേചനം അനുഭവിക്കുന്നുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നത്. പരിഗണിക്കുന്നവയില്‍ അഞ്ച് മുസ്ലിം സ്ത്രീകളും ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും നല്‍കിയ ഹര്‍ജികളും ഉള്‍പ്പെടുന്നു.