സര്‍ക്കാരോ ബാറുടമകളോ: രണ്ടിലൊന്ന് മണിക്കൂറുകള്‍ക്കുള്ളിലറിയാം; സുപ്രീം കോടതി വിധികാത്ത് കേരളം

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ മദ്യ നയത്തില്‍ വെള്ളം ചേര്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വിധി പറയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. സുപ്രീം കോടതി എഴുതിത്തീര്‍ത്ത വിധി ആര്‍ക്കു തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കേരളം. സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഏതാനും നിമിഷങ്ങള്‍ക്കകം അന്തിമവിധി പ്രഖ്യാപിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും ബാറുകളുടെ നിലനില്‍പ്പും നിര്‍ണയിക്കപ്പെടുന്ന വിധിയാകും ഇന്നുണ്ടാകുക. ജസ്റ്റിസുമാരായ ശിവകീര്‍ത്തി സെന്‍, വിക്രംജിത്ത് സെന്‍ എന്നിവരുടെ ബെഞ്ചാണു കേസില്‍ വാദം കേട്ട് വിധിപ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.
നിയമപരമായ നിരവധി സങ്കീര്‍ണതകളുള്ള കേസാണ് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഉത്ഭവിച്ചിട്ടുള്ളതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാനിരിക്കെ നിരവധി സാധ്യതകളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. ഒന്നുകില്‍ ബാറുടമകള്‍ നല്‍കിയ സകല ഹര്‍ജികളും തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവയ്ക്കുക. അതായത്, സര്‍ക്കാരിന്റെ വാദം അംഗീകരിക്കുന്നതിനു തുല്യം. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകളൊന്നും വേണ്ടെന്ന സര്‍ക്കാരിന്റെ വാദത്തിന് അംഗീകാരം. ഇതുവഴി ഘട്ടംഘട്ടമായി മദ്യനിരോധനമെന്ന സര്‍ക്കാരിന്റെ വാദത്തിനും ബലംകൂടും. മറ്റൊന്ന് ഹൈക്കോടതി വിധിയുടെ പുനഃസ്ഥാപനമാണ്. അതുപ്രകാരം ഫോര്‍ സ്റ്റാറിനു മുകളിലുള്ള ബാറുകള്‍ മാത്രം നിലനിര്‍ത്തും. അത്തരം ഹോട്ടലുകള്‍ക്ക് ബാറുകള്‍ നിര്‍ബന്ധമാണെന്ന വാദം അംഗീകരിക്കപ്പെടും. ഇന്ത്യാ ടൂറിസം വകുപ്പിന്റെ ഇക്കാര്യത്തിലുള്ള നിബന്ധനയും നിര്‍ണായകമാകും. മദ്യവില്‍പ്പനയല്ല ഹോട്ടല്‍ വ്യവസായത്തിന്റെ ഭാഗമായാണ് ബാറുകളുടെ നടത്തിപ്പെന്ന ഉടമകളുടെ വാദത്തിനും അതോടെ പ്രസക്തിയേറും.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അവകാശമില്ലെന്ന പൊതുധാരണ അംഗീകരിക്കപ്പെട്ടാല്‍ അത് ബാറുടമകളുടെ ഹര്‍ജികള്‍ തള്ളുന്നതിലേക്കു നയിക്കും. ഫൈവ് സ്റ്റാറുകള്‍ക്കു മാത്രം ലൈസന്‍സ് അനുവദിക്കുന്നതു വിവേചനമാകുമെന്ന് സുപ്രീംകോടതി നിഗമനത്തിലെത്തിയാല്‍ സര്‍ക്കാരിനു തിരിച്ചടിയാകും. മദ്യനിരോധനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് പോലും പൂര്‍ണ മദ്യനിരോധനത്തെ അംഗീകരിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമായിട്ടില്ല. ഈ കേസില്‍ അന്തിമവിധി പറയാതെ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിനു രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചാലും അത്ഭുതപ്പെടേണ്ടെന്ന് ഭരണഘടനാ വിദഗ്ധനും മുതിര്‍ന്ന അഭിഭാഷകനുമായ സി.സി. തോമസ് മംഗളത്തോടു പറഞ്ഞു.
നിലവില്‍ ത്രീ സ്റ്റാര്‍ വരെയുള്ള ബാറുകളുടെ നിലവാരമാണ് ചോദ്യം ചെയ്‌പ്പെട്ടിട്ടയുള്ളത്. അതുകൊണ്ട് ഫോര്‍ സ്റ്റാറിനു മുകളിലുള്ള ബാറുകള്‍ മാത്രം നിലനിര്‍ത്തി, അടച്ചിട്ടിരിക്കുന്ന ബാറുകള്‍ക്ക് ഫോര്‍ സ്റ്റാര്‍ നിലവാരത്തിലെത്താന്‍ നിശ്ചിതസമയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനും സാധ്യതയേറെയാണ്. സര്‍ക്കാരിന്റെ നയം ചോദ്യം ചെയ്തുള്ള ഹര്‍ജികളായതിനാല്‍ ഉത്തരവു പറയാതെ ഭരണഘടനാ ബെഞ്ചിനു വിടാന്‍ സുപ്രീംകോടതിക്കു കഴിയും.

Top