മീഡിയവണ്‍ ചാനലിലെ എം80 മൂസയിലെ പാത്തുവാണ് മലയാളിയുടെ അഭിമാനമായിമാറിയ സുരഭിയെന്നറിഞ്ഞതോടെ മലയാളിയുടെ സന്തോഷം ഇരട്ടിയായി.കുടുംബ പ്രേക്ഷകര്‍ക്ക് അത്രയും അടുപ്പമാണ് ഈ പാത്തുവിനോട്…
മൂസയിലെ കഥാപാത്രത്തിന്റെ തിളക്കത്തില്‍ സ്റ്റേജ് ഷോകളിലും മറ്റും താരമായി ഓടി നടക്കുന്നതിനിടെയാണ് മിന്നാമിനങ്ങിലെ അഭിനയത്തിനുള്ള ഓഫറെത്തുന്നത്. ഇപ്പോഴിതാ ദേശീയതലത്തിലെ മികച്ച നടി. അതും ലോക സുന്ദരിയായിരുന്ന ഐശ്വര്യ റായിയെ ഏകപക്ഷീയമായി മറി കടന്ന്.
സുരഭി അഭിനയിച്ച മിന്നാമിനുങ്ങ് എന്ന സിനിമ പൂര്‍ത്തിയായ ഉടന്‍തന്നെ ഇതായിരിക്കും മികച്ച നടിയെന്നു 12 അംഗ ജൂറിയിലെ 11 പേരും പറഞ്ഞിരുന്നു. ഒരാള്‍ മാത്രം ഐശ്വര്യ റായിക്ക് സരബ്ജിത് എന്ന സിനിമയ്ക്കു അവാര്‍ഡു നല്‍കണം എന്നഭിപ്രായപ്പെട്ടു. എന്നാല്‍ 11 പേരും ഒരുമിച്ചു നിന്നതിനാല്‍ ഐശ്വര്യ റായിക്കു ജൂറി പരാമര്‍ശം പോലും കിട്ടിയില്ല. ഇക്കാര്യമെല്ലാം ബോളിവുഡിലും ചര്‍ച്ചയായി. ഇതോടെയാണ് ആരാണ് സുരഭിയെന്ന് ബോളിവുഡ് സുന്ദരികള്‍ അന്വേഷണം തുടങ്ങിയത്. ഐശ്വര്യയെ പരാജയപ്പെടുത്തിയ സുരഭിയെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചത് മൂസയെന്ന ഹാസ്യ സീരിയലിലേക്കും. സുരഭിയുടെ നേട്ടം ഇരട്ടിയായി മാറുന്നതും അതുകൊണ്ടാണ്. താരസുന്ദരികള്‍ക്കും മുന്‍നിര നായികമാര്‍ക്കും മാത്രം സാധിക്കുന്നത് സുരഭി കൈപ്പടിയില്‍ ഒതുക്കി
മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, ഇപ്പോള്‍ ദേശീയ അവാര്‍ഡും. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തില്‍ സുരഭി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നെന്നാണ് വിധിനിര്‍ണയസമിതിയുടെ വിലയിരുത്തല്‍. സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റി കൊണ്ടുപോയത് സുരഭിയാണ്. അതിവൈകാരികതയിലേക്ക് വീണുപോകാമായിരുന്ന പല ഘട്ടത്തിലും നിയന്ത്രണത്തോടെ അവര്‍ അഭിനയിച്ചു വിജയിച്ചു സമിതി അഭിപ്രായപ്പെട്ടു. മികച്ച നടിക്കായി മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ദേശീയ പുരസ്‌കാരമാണ് സുരഭിയുടേത്. ശാരദ, മോനിഷ, ശോഭന, മീരാ ജാസ്മിന്‍ എന്നിവര്‍ക്കാണ് ഇതിനുമുമ്പ് പുരസ്‌കാരം ലഭിച്ചത്.
അനില്‍ തോമസ് സംവിധാനംചെയ്ത മിന്നാമിനുങ്ങിലെ വേഷം ഈ അഭിനേത്രിക്ക് വെല്ലുവിളിനിറഞ്ഞ കഥാപാത്രം തന്നെയായിരുന്നു. പേരുപോലുമില്ലാത്ത ഒരമ്മയെ ഉള്‍ക്കാമ്പോടെ അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. മിന്നാമിനുങ്ങിലെ കഥാപാത്രത്തിനായി സുരഭി പ്രത്യേകം ഒരുക്കങ്ങള്‍ നടത്തിയിരുന്നു. സംവിധായകന്‍ അനില്‍ തോമസും തിരക്കഥാകൃത്ത് മനോജ് റാംസിങ്ങും ചേര്‍ന്ന് തിരക്കഥ വായിക്കാന്‍ നല്‍കിയപ്പോള്‍മുതല്‍ ഞെട്ടിയതാണ് സുരഭി. എങ്ങനെ കഥാപാത്രത്തെ ഉള്‍ക്കൊള്ളുമെന്ന ചിന്തമാത്രമായിരുന്നു പിന്നീട്. ”ഹോസ്റ്റല്‍ മേട്രനായിരുന്ന മീനച്ചേച്ചിയുടെ മുഖമായിരുന്നു മനസ്സില്‍ നിറയെ. അവരുടെ കണ്ണുകളുടെ ആഴമാണ് കഥാപാത്രമാകാന്‍ സഹായിച്ചത്. പിന്നെ കോഴിക്കോടന്‍ ഭാഷേന്ന് തിരുവനന്തപുരത്തേക്ക് മാറാനുള്ള പ്രശ്‌നവും. അതിന് എല്ലാവരും സഹായിച്ചു” സുരഭി പറയുന്നു.
1968ല്‍ എം.വിന്‍സന്റ് സംവിധാനംചെയ്ത ‘തുലാഭാര’ത്തിലെ അഭിനയത്തിന് ശാരദയിലൂടെയായിരുന്നു ആദ്യമായി മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെ ശാരദ വീണ്ടും മികച്ച നടിയായി. 14 വര്‍ഷങ്ങള്‍ക്കുശേഷം ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലൂടെ മോനിഷ പുരസ്‌കാരം വീണ്ടും മലയാളസിനിമയ്ക്ക് സമ്മാനിച്ചു. 1993ല്‍ ഫാസില്‍ ചിത്രം ‘മണിച്ചിത്രത്താഴി’ലൂടെ ശോഭനയും 2004ല്‍ ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത ‘പാഠം ഒന്ന് ഒരു വിലാപ’ത്തിലൂടെ മീരാജാസ്മിനും രാജ്യത്തെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനര്‍ഹയായി.
കോഴിക്കോട് എളേറ്റില്‍ വട്ടോളിയില്‍ താമസിക്കവേ നാടോടി സര്‍ക്കസുകാര്‍ക്കൊപ്പം നൃത്തംവച്ചാണ് സുരഭിയിലെ കലാകാരിയുടെ അരങ്ങേറ്റം. അച്ഛന്‍ കെ.പി. ആണ്ടിയാണ് മൂന്നര വയസുപ്രായമുള്ള തന്നെ സ്റ്റേജില്‍ കയറ്റിയതെന്ന് സുരഭി അഭിമുഖത്തില്‍ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. നൃത്തം ചെയ്തതിന് നാട്ടുകാര്‍ ഒരു പാക്കറ്റ് കടലയും വത്തക്കക്കഷ്ണവും നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. പിന്നെ കുടുംബം നരിക്കുനിയിലേക്ക് മാറി. അമ്പലത്തിലെയും ക്ലബ്ബുകളുടെയും പരിപാടിക്ക് നൃത്തം ചെയ്യുന്നതും നാടകത്തില്‍ അഭിനയിക്കുന്നതും കുട്ടിക്കാലത്തെ പതിവായി.
സ്ഥിരം സംഘാടകനായിരുന്ന വിജയന്‍ പാലാടിക്കുഴിയാണ് സുരഭിയെ കലാമണ്ഡലം സത്യവ്രതന്റെ അടുത്ത് നൃത്തം പഠിക്കാന്‍ വിട്ടത്. ഭരതനാട്യവും കുച്ചുപ്പുഡിയും മോഹിനിയാട്ടവും അവിടെ നിന്നു പഠിച്ച സുരഭി പുന്നശ്ശേരി രാമന്‍കുട്ടിയുടെ ശിഷ്യണത്തില്‍ ഓട്ടന്‍തുള്ളലും പഠിച്ചു. പിന്നീട് നാട്ടില്‍ നാടകങ്ങളൊക്കെ ചെയ്തിരുന്ന മുകുന്ദന്‍ സുരഭിക്ക് അവസരം നല്‍കി. സ്‌കൂള്‍ കലോത്സവ വേദികളിലും ഈ കാലത്ത് സജീവമായിരുന്നു. വി.എച്ച്.എസ്.ഇ.യ്ക്ക് പഠിക്കുമ്പോഴാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. അപ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു.
സാമ്പത്തികപ്രയാസത്തില്‍ കഴിയുന്ന സുരഭിയെക്കുറിച്ച് സംവിധായകന്‍ ജയരാജ് അറിയാനിടയായി. അദ്ദേഹം ഭാര്യ സബിതയോട് അടുത്ത ദിവസം കലോത്സവത്തില്‍ നടക്കുന്ന മോണോആക്ട് മത്സരം കാണാനും പരിചയപ്പെടാനും നിര്‍ദേശിച്ചു.അങ്ങനെ ജയരാജ് സംവിധാനം ചെയ്ത ‘ബൈ ദ പീപ്പിള്‍’ സിനിമയില്‍ ചെറിയ വേഷം ലഭിച്ചു. അതായിരുന്നു സുരഭിയുടെ സിനിമാ പ്രവേശം. ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍ മികച്ച നടിയായി. അപ്പോഴത്തെ ചിന്തകളില്‍ നിന്നാണ് നാടകത്തോട് പ്രിയം തോന്നിയത് . ഭരതനാട്യത്തില്‍ ബിരുദം. എം.എക്ക് നാടകമെടുത്തു. എം.ജി. സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍ നേടി. ഇതിനിടെ സ്വകാര്യ ടി.വി ചാനലിലെ ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തി.
അതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി. കെ.കെ. രാജീവ് സംവിധാനം ചെയ്ത കഥയിലെ രാജകുമാരിയെന്ന സീരിയലില്‍ അഭിനയിച്ചു. പിന്നീടാണ് ജനശ്രദ്ധയാകര്‍ഷിച്ച എം80 മൂസയിലെ പാത്തുവാകുന്നത്. വിനോദ് കോവൂരും സുനില്‍ കാര്യാട്ടുകരയും ചേര്‍ന്നാണ് സംവിധായകന്‍ ഷാജി അസീസിനു സുരഭി താരമായി. പകല്‍ നക്ഷത്രങ്ങള്‍, അയാളും ഞാനും തമ്മില്‍ തുടങ്ങി മുപ്പത്താറ് സിനിമയില്‍ അഭിനയിച്ചു. ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ കുറവായിരുന്നു.