പുത്തൻ കാർ സ്വന്തമാക്കി സിനിമാ താരം സുരാജ് വെഞ്ഞാറമൂട്. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവിയാണ് സുരാജ് സ്വന്തമാക്കിയത്. മെഴ്സിഡീസ് ബെൻസിന്റെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നായ ജിഎൽഎസ് 400 ഡിയാണ് താരം കൊച്ചിയിലെ മെഴ്സിഡീസ് വിതരണക്കാരായ കോസ്റ്റൽ സ്റ്റാറിൽ നിന്ന് ഏറ്റ് വാങ്ങിയത്.
ബെൻസ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ജിഎൽഎസ്. എസ് ക്ലാസിന് സമാനമായ എസ്‌യുവിയാണ് ജിഎൽഎസ്.
അത്യാംഡബര സൗകര്യങ്ങളുള്ള ജിഎൽഎസിന് കരുത്തേകുന്നത് 3 ലീറ്റർ ഡീസൽ എൻജിനാണ്. 330 എച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്.
9 സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.3 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കരുത്തന്റെ ഉയർന്നവേഗം 6.3 സെക്കന്റാണ്. 1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ബെൻസിന്റെ സെഡാനായ എസ് ക്ലാസ് സുരാജിന് നേരത്തേയുണ്ട്. കുടുംബസമേതം എത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ സുരാജ് കൈപ്പറ്റിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ നടന് വാഹനം കൈമാറാൻ കൊച്ചിയിൽ പ്രത്യേക ചടങ്ങും കോസ്റ്റൽ സ്റ്റാർ ഒരുക്കിയിരുന്നു.