![](https://dailyindianherald.com/wp-content/uploads/2019/02/ksura.jpg)
സ്വന്തം ലേഖകൻ
കോഴിക്കോട്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും, കാസർകോട്ടും മത്സരിക്കാൻ തയ്യാറല്ലെന്ന് കെ.സുരേന്ദ്രൻ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പാർട്ടിയ്ക്കുള്ളിൽ അതിശക്തമായ ഗ്രൂപ്പിസത്തെ തുടർന്ന് കാലുവാരൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് സുരേന്ദ്രൻ മത്സരിക്കുന്നതിൽ നിന്ന് പന്മാറാൻ തയ്യാറാകയതെന്നാണ് സൂചന. കൂടുതൽ സുരക്ഷിതമെന്ന് സുരേന്ദ്രൻ കരുതുന്ന കോഴിക്കോട്, പാലക്കാട് മണ്ഡലങ്ങളിൽ ഇദ്ദേഹം മത്സരിച്ചേക്കുമെന്നാണ് സുരേന്ദ്രനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന ഏറ്റവും പുതിയ സൂചനകൾ.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേരിയ വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. രണ്ടു തവണയും പാർട്ടിയിലെ ഒരു വിഭാഗം സുരേന്ദ്രനെതിരെ കരുക്കൾ നീക്കിയതിനെ തുടർന്നാണ് സുരേന്ദ്രന് നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടേണ്ടി വന്നത്. ഇത് തന്നെയാണ് സുരേന്ദ്രനെ ഇക്കുറിയും ഭയപ്പെടുത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്നതിനായി സുരേന്ദ്രന്റെ പേരാണ് പ്രവർത്തകർ നിർദേശിക്കുന്നത്. ശബരിമല സമരത്തോടെ സുരേന്ദ്രൻ കൂടുതൽ സ്വീകാര്യനായതായാണ് പാർട്ടി പ്രവർത്തകർ വിലയിരുത്തുന്നത്. കാസർകോട്, തിരുവനന്തപുരം മണ്ഡലത്തിലേയ്ക്കാണ് പാർട്ടി സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നത്. എന്നാൽ, രണ്ടിടത്തും മത്സരിക്കാൻ താനില്ലെന്ന് സുരേന്ദ്രൻ പാർട്ടി കേന്ദ്ര നേതൃത്വത്തോട് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.
ശബരിമല സമരത്തോടെ പാർട്ടിയിലെ ഒരു വിഭാഗത്തിന് സുരേന്ദ്രൻ കൂടുതൽ അനഭിമതനായി മാറിയിട്ടുണ്ട്. സുരേന്ദ്രൻ ഒറ്റയ്ക്ക് ഷോ കാണിക്കുകയായിരുന്നു എന്നതാണ് പാർട്ടിയിലെ ഒറു വിഭാഗത്തിന്റെ വാദം. സുരേന്ദ്രൻ പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ് എന്നാണ് ഈ വിഭാഗം അവകാശപ്പെടുന്നത്. ഇതേ തുടർന്നാണ് ഇവർ സുരേന്ദ്രനെ ജയിലിലെത്തി കാണാൻ പോലും തയ്യാറാകാതിരുന്നത്. ഇതു തന്നെയാണ് ഈ വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളായ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിൽ നിന്നു സുരേന്ദ്രനെ പിന്നോട്ട് വലിക്കുന്നത്. ഈ രണ്ടു മണ്ഡലങ്ങളിലും തനിക്ക് പാരയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരേന്ദ്രൻ കണക്ക് കൂട്ടുന്നു.
സുരേന്ദ്രന്റെ വിശ്വസ്തരായ ജില്ലാ നേതാക്കൾ ഏറെയുള്ള മണ്ഡലങ്ങളാണ് പാലക്കാടും കോഴിക്കോടും. രണ്ടിടത്തും സുരേന്ദ്ര പക്ഷം നടത്തിയ കണക്കെടുപ്പിൽ വിജയ സാധ്യത ഉണ്ട് താനും. ഈ കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ മണ്ഡലം മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നത്.