സ്വന്തം ലേഖകൻ
കൊച്ചി: വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും കേസെടുത്തതോടെ സൂപ്പർ താരവും എം.പിയുമായ സുരേഷ് ഗോപി കുടങ്ങും. വ്യാജ രേഖ ചമച്ചതിനാണ് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതോടെ സുരേഷ് ഗോപിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. വ്യാജ വിലാസത്തിൽ പുതിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിനാണ് കേസ്. അമിത വേഗത്തിൽ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്. വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റ് ചെയ്തതിൻറെ രേഖകളൾ നേരത്തെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേക്ഷണം. 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.
വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
സുരേഷ് ഗോപി മോട്ടോർ വാഹനവകുപ്പിന് രേഖകൾ നൽകിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാർത്തിക് അപ്പാർട്ട്മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്ഗോപി രജ്സ്റ്റർ ചെയ്തത്.