കൊച്ചി: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ അല്ലെങ്കില്‍ സുരേഷ് ഗോപി അതിനപ്പുറത്തേയ്ക്ക് ബിജെപി ചിന്തിക്കുന്നില്ല. കേരളത്തില്‍ വിജയ സാധ്യത കാണുന്ന രണ്ട് മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും. ഈ രണ്ടു സീറ്റിലും സ്ഥാനാര്‍ത്ഥി മോഹികളുടേയും ഗ്രൂപ്പ് ലീഡര്‍മാരുടേയും അടിയാണ്. വിജയ സാധ്യതയാണ് പരമ പ്രധാനം അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകില്ല അത് കൊണ്ടാണ് കുമ്മനവും സുരേഷ് ഗോപിയും മാത്രം തലസ്ഥാനത്ത് പരിഗണിക്കപ്പെടുന്നത്. കുമ്മനം രാജശേഖരന്റെ കാര്യത്തില്‍ ഇതുവരെ അന്തിമമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ സുരേഷ് ഗോപിയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കുമ്മനമില്ലെങ്കില്‍ പിന്നെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ സുരേഷ് ഗോപി തന്നെ മതിയെന്നാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉയരുന്ന ആവശ്യം. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ് സുരേഷ് ഗോപി. നടനെന്നതിലുപരി നായര്‍ സമുദായാംഗം എന്നതാണ് സുരേഷ് ഗോപിക്ക് സാധ്യത കല്‍പ്പിക്കുന്നത്.നായര്‍ സമുദായാംഗമായ സുരേഷ് ഗോപിയെ മത്സരിപ്പിച്ചാല്‍ എന്‍എസ്എസ് ഉള്‍പ്പെടെ പിന്തുണയ്ക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്. സാമുദായിക സമവാക്യങ്ങള്‍ കൂടി വിലയിരുത്തി ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
മിസോറാം ഗവര്‍ണറായി പോയ കുമ്മനം രാജശേഖരനെ മടക്കി കൊണ്ടുവരണമെന്നും തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നുമായിരുന്നു ആര്‍എസ്എസ് നിലപാട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കുമ്മനത്തിന്റെ മടങ്ങി വരവിനായി ശക്തമായി വാദിച്ചിരുന്നു.കുമ്മനം വന്നാല്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സാധിക്കുമെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും ആര്‍എസ്എസ് വാദിച്ചിരുന്നു.മത സാമുദായിക നേതാക്കളോട് കുമ്മനത്തിനുളള അടുപ്പവും പാര്‍ട്ടിക്കുളളിലെ സ്വീകാര്യതയും ഇതിന് സഹായകമാകുമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.