തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നു സുരേഷ് ഗോപി. തന്റെ പിന്തുണ ഇപ്പോഴും ബിജെപിക്ക് തന്നെയാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപി പറഞ്ഞു.ബിജെപി കൂടുതല്‍ മുന്നോട്ടു കുതിക്കും. പുതിയ തലമുറയിലെ നിരവധി വോട്ടര്‍മാരുണ്ട്. ദ്രോഹിക്കാത്ത ഒരു ഭരണ സംഘത്തിനായാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയത്. ഭാര്യ രാധികയും സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ടായിരുന്നു.
ഏഴു ജില്ലകളിലെ 9220 വാർഡുകളിലേക്കു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഉച്ചവരെ 42 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 1.11 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുക. ഏഴ് ജില്ലകളിലായി 36,161 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.