ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ പടികെട്ടില്‍ തൊട്ടു വന്ദിച്ച് സുരേഷ് ഗോപിയുടെ പാര്‍ലിമെന്റ് പ്രവേശനം. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് തിരിച്ചുവന്ന് മറുപടി നല്‍കാമെന്ന് പറഞ്ഞ് കൈ കാണിച്ചാണു താരം പാര്‍ലമെന്റ് പടിക്കലേക്കു പോയത്. പ്രാര്‍ത്ഥനയോടെ മൂന്ന് തവണ പാര്‍ലമെന്റ് പടി തൊട്ട് വന്ദിച്ച് വലത് കാല്‍ വച്ച് പാര്‍ലമെന്റിലേക്കു കയറുകയായിരുന്നു സുരേഷ് ഗോപി.
രാഷ്ട്രപതി നോമിനേറ്റു ചെയ്ത രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായാണ് സുരേഷ് ഗോപി പാര്‍ലമെന്റിലെത്തിയത്. എന്നാല്‍, താരത്തെ സ്വീകരിക്കാന്‍ അവിടെ പ്രമുഖ ബിജെപി അംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് നേതാവായ വയലാര്‍ രവിയാണ് സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ എത്തിയവരില്‍ പ്രമുഖന്‍.
രാജ്യസഭാധ്യക്ഷന്‍ പി ജെ കുര്യനെ കണ്ട സുരേഷ് ഗോപി അദ്ദേഹത്തിന്റെ കാല്‍ തൊട്ടുവന്ദിക്കുകയും ചെയ്തു. തിരികെ മാദ്ധ്യമങ്ങള്‍ക്കു മുന്നിലെത്തിയ നടന്‍ ഇന്ദിര ഗാന്ധിയുടെ കാലത്തെ കെ കരുണാകരന്റെയും കേന്ദ്രമന്ത്രിയായിരുന്നപ്പോഴത്തെ ഒ രാജഗോപാലിന്റെയും പ്രവര്‍ത്തനങ്ങളാണ് മാതൃകയെന്നു വ്യക്തമാക്കി. വെള്ളിയാഴ്ചയാണു സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
പത്തു പന്ത്രണ്ട് ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പരിസരത്ത് എത്തിയിട്ടുണ്ടെന്നും ആദ്യമായിട്ടാണ് ഈ കോംപ്ലക്‌സിന്റെ അകത്തുവരുന്നത്. രാജ്യസഭാ സെക്രട്ടറി ജനറലിന്റെ ഓഫിസിനകത്തുവരുന്നതും ആദ്യമായാണ്. വളരെയധികം സന്തോഷമുണ്ട്. ഒരു പൂര്‍വജന്മ പുണ്യമായി കണക്കാക്കുന്നു. എന്റെ ഈശ്വരന്മാര്‍ കേരളത്തെയും അതുവഴി എന്നെയും കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു.