തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ കെ മുരളീധരനെതിരേ നടന്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നു .പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കുന്നതിനായി കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ തിരയാനാരംഭിച്ചിരിക്കുകയാണ് ബിജെപി.പുതിയ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനു നേതൃത്വം കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് നേരിടാന്‍ എത്രയും വേഗം സജ്ജമാക്കാനാണ്.പല പ്രമുഖരെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി ആലോചിക്കുന്നുണ്ട്. തീരെ പ്രതീക്ഷിക്കാത്ത ചില സ്ഥാനാര്‍ത്ഥികളും രംഗത്തു വരാമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.സുരേഷ് ഗോപിയുടെ കാര്യത്തില്‍ ഏതാണ്ട് എല്ലാ വിഭാഗക്കാരും യോജിക്കുന്നുണ്ടെന്നാണ് സൂചന. സുരേഷ് ഗോപി പാര്‍ട്ടിയുമായി അടുക്കുന്നതിനോട് സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് നേരത്ത എതിര്‍പ്പായിരുന്നു.
എന്‍എഫ്ഡിസി ചെയര്‍മാനായി സുരേഷ് ഗോപിയെ നിയമിക്കാന്‍ ആലോചനയുണ്ടായെങ്കിലും ബിജെപി കേരള ഘടകത്തിലെ ചിലരുടെ എതിര്‍പ്പു നിമിത്തം അതു നടക്കാതെ പോവുകയായിരുന്നു. മാത്രമല്ല, കേന്ദ്ര നേതൃത്വം പരസ്യമാക്കുന്നതിനു മുന്‍പ് ഇക്കാര്യം സുരേഷ് ഗോപി തന്നെ പരസ്യമാക്കിയതും അദ്ദേഹത്തിനു വിനയായി.എന്നാല്‍, കുമ്മനം തലപ്പത്തേയ്ക്കു വരുന്നതോടെ സുരേഷ് ഗോപി കൂടുതല്‍ സ്വീകാര്യനാവുകയാണ്. വട്ടിയൂര്‍ക്കാവില്‍ സിറ്റിംഗ് എംഎല്‍എ കെ.മുരളീധരനെ നേരിടാനാവും സുരേഷ് ഗോപി നിയോഗിക്കപ്പെടുക. സുരേഷ് ഗോപിയും മുരളിയും മുഖാമുഖം നിന്നാല്‍ മത്സരം തീപാറുമെന്നുറപ്പാണ്. ഇടതു മുന്നണികൂടി ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചാല്‍ മത്സരം പിന്നെയും കടുക്കും.
മന്ത്രിപദത്തിന് അര്‍ഹതയുണ്ടായിട്ടും കിട്ടാതെപോയ മുരളീധരന്‍ സ്വന്തം മണ്ഡലത്തെ ആത്മാര്‍ത്ഥമായി സേവിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുക എളുപ്പമല്ല.തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത മുന്നേറ്റമാണ് തലസ്ഥാനനഗരിയില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.