ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാണെന്ന് സൈന്യം. ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എകണോമിക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോ പുറത്തു വിടുന്ന് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണ്.
സര്‍ജിക്കല്‍ സ്‌ട്രൈക്ക്നടന്നോ എന്നത് സംബന്ധിച്ചു ഉയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നാണ് സൈന്യത്തിന്റെ നിലപാട്. സൈനികാക്രമണത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പുറത്തു വിടുന്നതാണ് ഉത്തമമെന്നാണ് യുദ്ധതന്ത്ര വിദഗ്ധരുടേയും അഭിപ്രായം. ഇന്ത്യ സൈനികാക്രമണം നടത്തിയിട്ടില്ലെന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു.
ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, കോൺഗ്രസ് നേതാക്കളായ സഞ്ജയ് നിരുപം തുടങ്ങിയവഞ്ഞ മിന്നലാക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
”ഇന്ത്യ നടത്തിയ സൈനികാക്രമണം കനത്ത നാശമാണ് വരുത്തിയത്. ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം വിജയിച്ചു. അതിന്റെ തെളിവ് ഇന്ത്യയുടെ കൈവശമുണ്ട്” സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
അതിർത്തിയിലെ ആക്രമണ-പ്രത്യാക്രമണങ്ങൾ സജീവമായി നിൽക്കുന്നതിനാൽ ഇത്തരം കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നായിരുന്നു മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറലായ ലഫ്.ജനറൽ രൺബീർ സിംഗിന്റെ പ്രതികരണം. വ്യോമ സേനാ മേധാവി അരൂപ് റാഹയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.
സെപ്റ്റംബർ 29 പുലർച്ചെയാണ് ഇന്ത്യ പാക് അധീന കശ്മീരിലെ സൈനിക കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയത്. ഉറിയിൽ ഇന്ത്യൻ സൈനിക ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിനുള്ള മറുപടിയായിരുന്നു സൈനികാക്രമണം