സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാക്ക് അധീന കാശ്മീരിൽ ലൈൻ ഓഫ് കൺട്രോൾ മറികടന്ന് ഇന്ത്യൻ സൈന്യം നടത്തിയ നീക്കത്തിനു തിരിച്ചടിയുമായ ഇന്ത്യയുടെ സൈനിക- സൈനികേതര വെബ് സൈറ്റുകൾക്കു നേരെ പാക്കിസ്ഥാൻ സൈന്യത്തിന്റെ സൈബർ സേനയുടെ തിരിച്ചടി. ഒരു ലക്ഷത്തോളം ഇന്ത്യൻ ഇന്ത്യൻ വെബ്‌സൈറ്റുകളിൽ നുഴഞ്ഞു കയറിയാണ് പാക് സൈബർ സേനയുടെ പ്രതികാരം. സെപ്തംബർ 29 ന് ഇന്ത്യ ഭീകരക്യാമ്പുകളിൽ നാശം വിതച്ചതിനു പിന്നാലെ പാക് ഹാക്കർമാർ ഇന്ത്യയുടെ 7,0700 വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതായിട്ടാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തകർക്കപ്പെട്ട വെബ്‌സൈറ്റുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയും ബുധനാഴ്ചയുമായിട്ടാണ് വ്യാപക സൈബർ ആക്രമണം നടന്നത്. ആക്രമിക്കപ്പെട്ട സൈറ്റുകളിൽ കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസിന്റെയും നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെയും വെബ്‌സൈറ്റുകൾ പെടും. ഒക്‌ടോബർ 3 നായിരുന്നു ഗ്രീൻ ട്രൈബ്യൂണൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. തങ്ങൾ അപരാജിതരാണെന്നും പ്രതിരോധം എന്ന പേരിൽ നിങ്ങൾ കശ്മീരിലെ നിഷ്‌ക്കളങ്കരെ കൊന്നൊടുക്കിയെന്നും അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ചതിനെ മിന്നലാക്രമണമെന്ന് വിളിച്ചെന്നും ഇപ്പോൾ സൈബർ യുദ്ധത്തിന്റെ ഈ ചുംബനം പൊരിക്കുമെന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 7.15 നായിരുന്നു സന്ദേശം കുറിച്ചിട്ടുണ്ട്. 2013 ൽ ഇതേ വെബ്‌സൈറ്റ് ആദ്യം ഹാക്ക് ചെയ്തിരുന്നു. പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടെയാണ് കേരളാ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടുള്ളത്. അതേസമയം ഹാക്കർമാർ അത്ര വിദഗ്ദ്ധരല്ലെന്നും നിസ്സാര കാര്യമായി കരുതിയാൽ മതിയെന്നുമാണ് വിദഗ്ദ്ധർ പറഞ്ഞിരിക്കുന്നത്. ടാറ്റാ മോട്ടോഴ്‌സ്, എഐഎഡിഎംകെ, താജ്മഹൽ എന്നിവയുടേയും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ജമ്മു തോയിസ് എയർഫോഴ്‌സ് ബേസിലെ പൈലറ്റ് മാർക്കുള്ള ആശയവിനിമയം തടഞ്ഞ് അതേ ഫ്രീക്വൻസി വഴി പാകിസ്ഥാൻ പാട്ടുകൾ കയറ്റിവിടുകയും ചെയ്തിരുന്നു. അതേസമയം പാകിസ്താന്റെ ഈ സൈബർ ആക്രമണത്തെ പ്രതിരോധിക്കാൻ ആവശ്യമെങ്കിൽ പാകിസ്താന്റെ പ്രതിരോധം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളിൽ കയറി അടിക്കാൻ തയ്യാറായിരിക്കുകയാണെന്നാണ് ഇക്കാര്യത്തിൽ ഇന്ത്യൻ സൈബർ സുരക്ഷാ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി സർക്കാരിന്റെ അനുവാദം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും കഴിഞ്ഞ ദിവസം പറഞ്ഞു.