സ്വന്തം ലേഖകൻ
കൊച്ചി: മലയാള ചാനൽ മേഖലയിൽ കുട്ടികൾക്കായി അവതരിപ്പിച്ച പരിപാടി വിലക്കി സർക്കാർ രംഗത്ത് എത്തുന്നത് ആദ്യമായാണ്. സൂര്യടിവി അവതരിപ്പിച്ച കുട്ടിപ്പട്ടാളം എന്ന പരിപാടിയാണ് യു ട്യൂബിൽ പോലും കാണിക്കരുതെന്ന വിലക്കുമായി സർക്കാർ രംഗത്ത് എത്തിയത്.
മലയാളത്തിലെ ഒരു സ്വകാര്യ ചാനൽ അവതരിപ്പിച്ചിരുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടി ഏറെ പ്രേക്ഷക ശ്രദ്ധ നേടിരുന്നു. മൂന്നു മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളെ അണിനിരത്തുന്ന പരിപാടി 2012 ലാണ് ആരംഭിച്ചത്. എന്നാൽ ഇടയ്ക്കു വച്ച് ഈ പരിപാടി നിർത്തി പോകുകയായിരുന്നു. പരിപാടിയുടെ തുടക്കത്തിൽ കുട്ടികളോട് ഏറെ നിഷ്‌കളങ്കമായ ചോദ്യങ്ങളായിരുന്നു ചോദിച്ചിരുന്നത്. എന്നാൽ തുടർന്ന് പരിപാടിയുടെ റൈയ്റ്റിങ് കൂട്ടാനായി ദ്വയാർത്ഥം കലർന്ന് ചോദ്യങ്ങൾ അവതാരക ചോദിച്ചു തുടങ്ങി.
കൊച്ചു കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇത്തരം പരിപാടികൾ എന്നു കാണിച്ച് മലപ്പുറം ചൈൽഡ് ലൈനിലും തുടർന്ന് ബാലാവകാശ കമ്മീഷനിലും സാമൂഹിക പ്രവർത്തകനായ ഹാഷിം പരാതി നൽകി. എന്നാൽ പരിപാടിക്ക് കുഴപ്പമൊന്നുമില്ലെന്നും ഇതെല്ലാം പരാതി നൽകിയ ആളുടെ മനോഭവത്തിന്റെ കുഴപ്പമാണ് എന്നുമായിരുന്നു ചാനൽ അധികൃതരുടെ വിശദീകരണം. പരാതിയെ തുടർന്ന് പരിപാടികളുടെ സിടി ഹാജരാക്കാൻ ചാനൽ അധികൃതരോട് കമ്മീഷൻ ആവശ്യപ്പെട്ടു. അങ്ങനെ ഹാജരാക്കിയ സിഡിയിൽ ഗുണപരമായി ഒന്നും ഇല്ലെന്നും കുട്ടികളുടെ മാനസികനിലയെ നെഗറ്റീവായി ബാധിക്കുന്ന ചിലതുണ്ടെന്നും കമ്മീഷൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിപാടി നിർത്താനും യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാനും കമ്മീഷൻ നിർദേശിക്കുകയായിരുന്നു.