അബുദബി: ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അബുദാബിയിലെത്തി. 57 അംഗരാഷ്ട്രങ്ങളുള്ള സംഘടനയുടെ 46ആമത് ദ്വിദിന സമ്മേളനത്തെ മന്ത്രി അഭിസംബോധന ചെയ്യും. യുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സുഷമാ സ്വരാജ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.
സമ്മേളനത്തില്‍ ഇന്ത്യയുടെ സാന്നിദ്ധ്യത്തെ പാകിസ്ഥാന്‍ എതിര്‍ത്തുവെങ്കിലും അംഗരാഷ്ട്രങ്ങള്‍ ഇത് തള്ളുകയായിരുന്നു. ഇത് ആദ്യമായാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നത്. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ സമ്മേളനത്തില്‍ ഉന്നയിച്ചേക്കും.
സുഷമ സ്വരാജ് പങ്കെടുത്താല്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി നേരത്തേ അറിയിച്ചിരുന്നു.