ഡല്‍ഹി നിയമസഭയില്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനം; കേജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ച മിശ്രയ്ക്കാണ് മര്‍ദ്ദനമേറ്റത്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് എതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ കപില്‍ മിശ്രയ്ക്ക് നിയമസഭയില്‍ മര്‍ദനം. സഭയില്‍ നിന്ന് മിശ്രയെ ബലമായി പുറത്താക്കുകയും ചെയ്തു.

ചരക്കുസേവന നികുതിയെപ്പറ്റി ചര്‍ച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേര്‍ത്ത സഭയിലാണു നാടകീയ രംഗങ്ങളുണ്ടായത്. കേജ്‌രിവാളിനെതിരെ കപില്‍ മിശ്രയുടെ മുദ്രാവാക്യം വിളിയെത്തുടര്‍ന്നു സഭ ഏറെനേരം തടസ്സപ്പെട്ടു. ബഹളം തുടര്‍ന്ന മിശ്രയോടു സഭ വിട്ടുപോകാന്‍ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്ന മിശ്രയെ തൊട്ടടുത്ത നിമിഷം എഎപി എംഎല്‍എമാര്‍ കൂട്ടമായെത്തി മര്‍ദിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട തനിക്ക് അനുമതി നല്‍കിയില്ലെന്നും ഗുണ്ടകളെക്കണ്ടു താന്‍ പേടിക്കില്ലെന്നും പുറത്തുവച്ച് കപില്‍ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു. സഭയില്‍ അക്രമം അരങ്ങേറുമ്പോള്‍ മുഖ്യമന്ത്രി കേജ്‌രിവാള്‍ എല്ലാം കണ്ടു ചിരിച്ചിരിക്കുകയായിരുന്നു. തന്നെ മര്‍ദിക്കുന്ന സമയത്ത് സഭയ്ക്കുള്ളിലെ കാമറകള്‍ ഓഫ് ചെയ്തിരുന്നെന്നും മിശ്ര ആരോപിച്ചു.

ആശുപത്രികളിലേക്കുള്ള മരുന്നുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് മിശ്രയുടെ പുതിയ ആരോപണം. മരുന്നുകള്‍ വാങ്ങുന്നുണ്ടായിരുന്നെങ്കിലും അവയൊന്നും ആശുപത്രികളിലെത്തിയിട്ടില്ല. ആംബുലന്‍സുകള്‍ക്ക് അധികപണം നല്‍കിയിട്ടുണ്ട്. ഇവയൊന്നും കൂടാതെ സ്ഥലം മാറ്റങ്ങളിലും നിയമനങ്ങളിലും പലവിധത്തിലുമുള്ള അഴിമതികള്‍ നടത്തിയിട്ടുണ്ടെന്നും കേജ്‌രിവാളിനും സത്യേന്ദ്ര ജെയിനുമെതിരെ മിശ്ര ആരോപിച്ചു.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 300 കോടിയുടെ മരുന്നുകളാണ് വാങ്ങിയത്. അനാവശ്യമായി വാങ്ങിയ ഈ മരുന്നുകള്‍ സൂക്ഷിക്കുന്നതിന് മൂന്നു ഗോഡൗണുകളും നിര്‍മിച്ചു. മരുന്നുകള്‍ അവിടെക്കിടന്ന് നശിച്ചുപോകുകയാണെന്നും മിശ്ര ആരോപിച്ചിരുന്നു. 23 ലക്ഷം രൂപ വീതം വിലവരുന്ന 100 ആംബുലന്‍സുകളാണ് ഡല്‍ഹി സര്‍ക്കാര്‍ വാങ്ങിയത്. എട്ടു ലക്ഷം രൂപയ്ക്കാണ് സര്‍ക്കാരിന് ടാറ്റാ കമ്പനി ഇവ കൈമാറിയത്. കൂടാതെ ഓരോന്നിനും 2.5 ലക്ഷം രൂപ അധികമായും നല്‍കിയിട്ടുണ്ടെന്നും മിശ്ര പറഞ്ഞു.

ജലവകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനു പിന്നാലെയാണു സര്‍ക്കാരിനും കേജ്‌രിവാളിനുമെതിരായി ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

Top