തിരുവനന്തപുരം :പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദ സമര്‍പ്പിച്ച ജാമ്യ ഹര്‍ജ്ജിയില്‍ തിരുവനന്തപുരം പോക്സോ കോടതി ഇന്ന് വിധിപറയും. പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്നും ആരോ നിര്‍ബന്ധിച്ച് തന്റെ പേര് പറയിപ്പിക്കുകയാണെന്നും കാമുകന്‍ അയ്യപ്പദാസ് ആരോപിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി അയ്യപ്പദാസ് ഇന്നലെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി നല്‍കി. അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാന്‍ നിര്‍ബന്ധിച്ചതെന്ന് പെണ്‍കുട്ടി പ്രതിഭാഗം വക്കീലിനോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കോടതി പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടി എവിടെയാണെന്ന് പേട്ട പൊലീസിനും പിടിയില്ല.അതേസമയം ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനയും ബ്രെയിന്‍ മാപ്പിങ്ങും നടത്തണമെന്ന് അന്വേഷണ സംഘം. പെണ്‍കുട്ടി അടിക്കടി മൊഴി മാറ്റുന്നതിനാലും വൈദ്യപരിശോധനയക്ക് വിധേയയാകാന്‍ തയ്യാറാകാത്തതിന്റെ അടിസ്ഥാനത്തിലുമാണ് നുണപരിശോധനയും മറ്റും നടത്തണമെന്ന് ആവശ്യപ്പെട്ടത്.
സംഭവശേഷം പെണ്‍കുട്ടി പൊലീസിനും മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യ മൊഴിയിലും താന്‍ പീഡനത്തിന് ഇരയായെന്ന് പറഞ്ഞിരുന്നു. പിന്നീട് ഇതിനു വിരുദ്ധമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും മറ്റും കാണിച്ച് പ്രതിഭാഗം അഭിഭാഷകന് കത്ത് അയച്ചു. കൂടാതെ വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ വിസമ്മതിച്ചു. അതിനാല്‍, പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയയാക്കിയാല്‍മാത്രമേ സത്യാവസ്ഥ അറിയാന്‍ സാധിക്കൂവെന്നും അന്വേഷണസംഘം നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകന് അയച്ച കത്തിന്റെ സത്യാവസ്ഥയെ ക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍, ജാമ്യം അനുവദിക്കരുതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോവളം സുരേഷ് ചന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍, പൊലീസ് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പ്രതിഭാഗം വാദം.
ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വിശദമായ വാദം കേട്ടിരുന്നു. പെണ്‍കുട്ടിതന്നെ വ്യത്യസ്ത മൊഴികള്‍ പറയുന്നതിനാലും ശരിയായ അന്വേഷണം നടത്തിയിട്ടില്ല എന്ന കാരണത്താലും കഴിഞ്ഞ 28 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന ഗംഗേശാനന്ദയ്ക്ക് ജാമ്യം അനുവധിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചു. മുറിവേറ്റ ഗംഗേശാനന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഒരാഴ്ചകൂടി മാറ്റിവയ്ക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം പോക്സോ കോടതിക്ക് തീരുമാനിക്കാന്‍ കഴിയുന്നതാണോയെന്ന് ഹര്‍ജ്ജി പരിഗണിക്കവെ പ്രോസിക്യൂട്ടര്‍ ആരാഞ്ഞു.അതേസമയം, പെണ്‍കുട്ടി നല്‍കിയ ഹര്‍ജ്ജിയിലെ നിയമവശങ്ങള്‍ സംബന്ധിച്ച വാദം ജൂണ്‍ 22ന് കോടതി പരിഗണിക്കും.അതേസമയം, മുറിവേറ്റ സ്ഥലത്ത് അണുബാദയുള്ളതിനാല്‍ ഈ ആഴ്ച ഗംഗേശാനന്ദയ്ക്ക് ശസ്ത്രക്രീയ നടത്താനിടയുണ്ട്.
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ കത്തിനു പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. പെണ്‍കുട്ടിയുടെ സുഹൃത്ത് കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശി അയ്യപ്പദാസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പസ് നല്‍കിയത്. പെണ്‍കുട്ടിയെ മാതാപിതാക്കളും സംഘപരിവാര്‍ നേതാക്കളും ചേര്‍ന്ന് നെടുമങ്ങാട് നെട്ടാരച്ചിറയില്‍ അന്യായതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നുമാണ് ആവശ്യം. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ പൊലീസിനോട് ജസ്റ്റിസുമാരായ എ എം ഷെഫീക്ക്, അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
മെയ് 19ന് സ്വാമി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം ഉണ്ടായതെന്നും സ്വാമിയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനാണ് പെണ്‍കുട്ടി ലിംഗം മുറിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. താന്‍ സ്വാമിയുടെ കോലഞ്ചേരിയിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴിനല്‍കാന്‍ സംഘപരിവാര്‍ നേതാക്കളും അഭിഭാഷകനും മാതാപിതാക്കളും പ്രേരിപ്പിച്ചു. പൊലീസിനും മജിസ്ട്രേറ്റിനും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ താനാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പറഞ്ഞു. എന്നാല്‍, അന്യായതടങ്കലില്‍ ആയശേഷം സ്വാമിയുടെ അഭിഭാഷകന്‍ എഴുതിയ കത്തിലും അഭിഭാഷകനുമായുള്ള മൊബൈല്‍സംഭാഷണത്തിലുമുള്ള മൊഴിമാറ്റത്തിനു പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാണ്. പെണ്‍കുട്ടി ഇവരുടെ ഭീഷണിയിലും പ്രേരണയിലുമാണ് തനിക്കെതിരെ തിരിഞ്ഞത്. പെണ്‍കുട്ടിയെ സ്വതന്ത്രയാക്കി ഹൈക്കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്താല്‍ സത്യം പുറത്തുവരുമെന്നും ഹര്‍ജിയില്‍ പറയുന്നു.