കൊച്ചി: സ്വാമി ശാശ്വതികാനന്ദയെ ആരെങ്കിലും വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തുന്നത് കണ്ടില്ലെന്ന് സ്വാമിയുടെ മരണസമയത്ത് ആലുവ അദ്വൈതാശ്രമത്തില്‍ ഉണ്ടായിരുന്ന അടൂര്‍ സ്വദേശി അജി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അജിയുടെ വെളിപ്പെടുത്തല്‍. സ്വാമിയുടെ മരണം അന്വേഷിച്ച ക്രൈം ബ്രാഞ്ച് അജിയുടെ മൊഴിയെടുത്തിരുന്നില്ല. സ്വാമിയെ വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തുന്നത് അജി കണ്ടിരുന്നുവെന്ന് കേസില്‍ പുനരന്വേഷണം നടത്തുന്ന കൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. സ്വാമിയെ ചിലര്‍ ചേര്‍ന്ന് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തുന്നത് കണ്ടുവെന്ന് അജി ചിലരോട് ഫോണില്‍ പറഞ്ഞതിന്റെ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നുവെന്നും വാര്‍ത്ത ഉണ്ടായിരുന്നു. ന്വേഷണണോദ്യോഗസ്ഥരുടെ ഭീഷണിയെത്തുടര്‍ന്ന് അജി ഒളിവില്‍ പോയെന്നായിരുന്നു ആരോപണം.
എസ്.എന്‍.ഡി.പി. യോഗം അടൂര്‍ യൂണിയനിലെ അങ്ങാടിക്കല്‍ തെക്ക് ശാഖാംഗമായ അജി പൂജ പഠിക്കാനുള്ള കോഴ്‌സിന്റെ ഇന്റര്‍വ്യൂവിനുവേണ്ടിയാണ് അദ്വൈതാശ്രമത്തില്‍ പോയത്. രാവിലെ പത്ത് മണിക്ക് കുളിച്ചിട്ടുവരാമെന്ന് പറഞ്ഞ് ശാശ്വതികാനന്ദ പുഴയിലേയ്ക്ക് പോയി. പിന്നീട് ആശ്രമത്തില്‍ പ്രാര്‍ഥന നടക്കുമ്പോഴാണ് സ്വാമിയുടെ സഹായിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. ഓടിച്ചെന്നപ്പോള്‍ പുഴക്കരയില്‍ സഹായി മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വാമി വെള്ളത്തില്‍പോയി എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കഴുക്കോല്‍ ഉപയോഗിച്ച് വെള്ളത്തില്‍ കുത്തിനോക്കിയെങ്കിലും കണ്ടെത്താനായില്ല. അതിനുശേഷം വള്ളത്തില്‍ വന്ന രണ്ടു പേരാണ് ജഡത്തിനായി വെള്ളത്തില്‍ മുങ്ങിയത്-ബിജു പറഞ്ഞു.