ജോസ് തോമസ് സംവിധാനം ചെയ്ത ബിജു മേനോന്‍ ചിത്രം സ്വര്‍ണക്കടുവ വെള്ളിയാഴ്ച്ച തീയറ്ററുകളിലെത്തും. 104 തീയറ്ററുകളിലായി 455 ഷോയാണ് ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ പശ്ചാത്തലമാക്കിയുള്ള ക്ലീന്‍ എന്റര്‍ടെയിനറാണ് സ്വര്‍ണക്കടുവയെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. പുലിമുരുകനോട് മത്സരിക്കാനില്ലെന്ന തലക്കെട്ടിലായിരുന്നു സ്വര്‍ണക്കടുവയുടെ ആദ്യ പോസ്റ്റര്‍. തോല്‍പ്പിക്കാനല്ല ജീവിക്കാനാണ് എത്തുന്നത് എന്ന് പുലിയോട് അപേക്ഷിക്കുന്ന കടുവാക്കുട്ടിയുടെ ചിത്രമായിരുന്നു ബിജു മേനോന്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റര്‍.
കുരുട്ടുബുദ്ധിയും കൗശലവുമായി ജീവിക്കുന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. റിനി ഐപ്പ് മാട്ടുമ്മേല്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇന്നസെന്റ്, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ഹരീഷ്, കോട്ടയം നസീര്‍ എന്നിവരും പ്രധാന റോളുകളിലെത്തും. പൂജിതയും ഇനിയയുമാണ് നായികമാര്‍.
ലോലപ്പന്‍ എന്ന ജുവലറി ഉടമയാണ് ഇന്നസെന്റിന്റെ കഥാപാത്രം. അദ്ദേഹം ഒരു സിനിമാ നിര്‍മ്മാതാവ് കൂടിയാണ്. ലോലപ്പന്റെ ഡ്രൈവറും മാനേജരും രഹസ്യ സൂക്ഷിപ്പുകാരനുമാണ് ബിജു മേനോന്റെ കഥാപാത്രം. ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് ചിത്രത്തിലെ ഹ്യൂമറില്‍ ഭൂരിഭാഗവും രൂപംകൊള്ളുന്നത്. ഭാഗ്യം എന്നതിന് എല്ലാത്തിനും മീതേ പരിഗണന നല്‍കുന്ന ഇന്നത്തെ യുവതലമുറയുടെ പ്രതിനിധിയാണ് ബിജു മേനോന്റെ കഥാപാത്രമെന്ന് തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ പറയുന്നു.