ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സ്വാതിയുടെ ജീവിതകഥ സിനിമയാകുന്നു. സ്വാതി കൊലൈ വഴക്ക് എന്ന പേരിലാണ് സിനിമ റിലീസിന് തയ്യാറാകുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. സ്വാതിയുടെയും കൊലയാളി രാംകുമാറിന്റെയും യഥാര്‍ത്ഥ പേരില്‍ തന്നെയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. രമേശ് സെല്‍വനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ ചിത്രം പുറത്തിറക്കുന്നതിനെതിരെ സ്വാതിയുടെ മാതാപിതാക്കള്‍ രംഗത്ത് വന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സ്വാതിയുടെ പിതാവ് കെ. സന്താനഗോപാലകൃഷ്ണന്‍ തമിഴ്നാട് ഡി.ജി.പിക്ക് കത്തയച്ചു. സിനിമയില്‍ തന്റെ മകളെ മോശമായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ടെന്ന് സന്തോനഗോപാലകൃഷ്ണന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ സംഭവങ്ങള്‍ പ്രമേയമാക്കി സിനിമ ചിത്രീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ നല്ല ഉദ്ദേശത്തോടെയാണ് ചിത്രം പുറത്തിറക്കുന്നതെന്ന് സംവിധായകന്‍ രമേശ് സെല്‍വന്‍ പറഞ്ഞു. തന്റെ എല്ലാ ചിത്രങ്ങളും സാമൂഹ്യപ്രസക്തിയുള്ള പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സ്വാതി കൊലൈ വഴക്ക് എന്ന ചിത്രവും സമൂഹത്തിന് സന്ദേശം നല്‍കുന്ന ചിത്രമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു
സിനിമയില്‍ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമുണ്ട്. സ്വാതി കൊലക്കേസില്‍ പിടിയിലായ രാംകുമാര്‍, പിന്നീട് ചെന്നൈയിലെ പുഴല്‍ ജയിലില്‍ വച്ച് ജീവനൊടുക്കിയിരുന്നു. പോലീസ് പിടികൂടിയപ്പോള്‍ ഇയാള്‍ കഴുത്തറുത്ത് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളുടെ കഴുത്തറുത്തത് പോലീസ് തന്നെയാണെന്നാണ് ചിത്രത്തില്‍ പറയുന്നത്