സ്‌പോട്‌സ് ഡെസ്‌ക്
ബേസൽ: സ്വിസ് ഓപ്പൺ ബാഡ്മിൻറൻ പുരുഷവിഭാഗം സിംഗിൾസ് കിരീടം ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്ക്ക്. ഇന്നലെ നടന്ന ഫൈനലിൽ ഏഴാം സീഡായ ജർമൻ താരം മാർക്ക് സ്വീബ്ലെറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പ്രണോയ് കിരീടം ചൂടിയത്. സ്‌കോർ: 2118, 2115. ടൂർണമെൻറിൽ 13ാം സീഡായിരുന്നു പ്രണോയ്.
പ്രണോയിയുടെ ആദ്യ സ്വിസ് ഓപ്പൺ കിരീടമാണിത്. 45 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തിലാണ് തന്നേക്കാൾ ആറു സ്ഥാനം മുന്നിലുള്ള എതിരാളിയെ പ്രണോയ് മുട്ടുകുത്തിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ താരങ്ങൾ ഇവിടെ കിരീടം ചൂടുന്നത്.
ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്താണ് സ്വിസ് ഓപ്പൺ പുരുഷ വിഭാഗത്തിലെ നിലവിലെ ചാംപ്യൻ. ചൈനീസ് തായ്‌പേയിയുടെ സൂ വി വാങിനെ തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിൽ കടന്നത്. രണ്ട് തവണ വനിതാ വിഭാഗം കിരീടം ചൂടിയിച്ചുള്ള ഇന്ത്യയുടെ സൈനാ നെഹ്വാൾ സെമിയിൽ തോറ്റു പുറത്തായിരുന്നു. ആദ്യമായാണ് പ്രണോയ് ഒരു പ്രധാനടൂർണമെൻറിൻറെ ഫൈനലിൽ കളിക്കുന്നത്.
തായ്‌പേയിയുടെ സൂ വി വാങിനെതിരേയായിരുന്നു പ്രണോയിയുടെ സെമി. ആദ്യ ഗെയിം തോറ്റശേഷമായിരുന്നു കൊച്ചി സ്വദേശിയായ പ്രണോയിയുടെ തിരിച്ചുവരവ്. കാര്യമായ ചെറുത്തിനില്പ്പില്ലാത്ത 1221നാണ് ആദ്യ ഗെയിം നഷ്ടമാകുന്നത്.
എന്നാൽ രണ്ടാം ഗെയിമിൽ പ്രണോയ് തിരിച്ചടിച്ചു. 2114 ഈ ഗെയിം സ്വന്തം. നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പലകുറി പുറകിൽ പോയെങ്കിലും 2321ന് ഗെയിമും ഫൈനൽ ബെർത്തും സ്വന്തം. വനിതാ വിഭാഗത്തിൽ അപ്രതീക്ഷിതമായിരുന്നു സൈനയുടെ തോൽവി. ചൈനീസ് താരത്തോട് 2111, 2119നായിരുന്നു തോൽവിയേറ്റു വാങ്ങിയത്.