ഡമാസ്‌കസ്: സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം. ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 60ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമത സ്വാധീന മേഖലയായ ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്‌ഖോണിലാണ് സംഭവം. ക്ലോറിന്‍ വാതകമാണ് വര്‍ഷിച്ചത്. ഇരകളില്‍ ഭൂരിഭാഗവും കുട്ടികളും സാധാരണ ജനങ്ങളുമാണ്. രാസായുധ പ്രയോഗം മൂലം ഇവര്‍ക്ക് ശ്വാസതടസും ഛര്‍ദിലും ഉണ്ടായി. ഇരകളുടെ ചിത്രങ്ങള്‍ പ്രാദേശിക പ്രതിപക്ഷ പ്രവര്‍ത്തകരും വാര്‍ത്ത സൈറ്റകളും പുറത്തുവിട്ടിട്ടുണ്ട്.
സിറിയന്‍ സര്‍ക്കാരോ റഷ്യന്‍ ജെറ്റുകളോ ആണു രാസായുധ ആക്രമണം നടത്തിയതെന്നാണു സിറിയയിലെ മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് ചെയ്തത്. പരുക്കേറ്റവരെ ചികില്‍സിച്ച പ്രാദേശിക ക്ലിനിക്കുകള്‍ക്കുനേരെയും യുദ്ധവിമാനങ്ങള്‍ റോക്കറ്റുകള്‍ അയച്ചെന്നും സംഘടന അറിയിച്ചു.
പ്രാദേശിക സമയം പുലര്‍ച്ചെ 6.45നായിരുന്നു (ഇന്ത്യന്‍ സമയം പകല്‍ 9.15) വ്യോമാക്രമണമെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 20 മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ തെരുവുകളില്‍ ആളുകള്‍ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. കുട്ടികളെയാണു രാസായുധപ്രയോഗം ഏറെയും ബാധിച്ചത്. അതേസമയം, നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണു വിമതരെ അനുകൂലിക്കുന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വ്യോമാക്രമണം വഴി പ്രയോഗിച്ച രാസായുധം എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ലെന്നു മനുഷ്യാവകാശ സംഘടന അറിയിച്ചു. സരിന്‍ എന്ന രാസായുധമാണെന്നും റിപ്പോര്‍ട്ടുണ്ട്. രാസായുധ പ്രയോഗം നടത്തിയിട്ടില്ലെന്നാണു കാലങ്ങളായി സിറിയയുടെ നിലപാട്. രാസായുധ പ്രയോഗം സ്ഥിരീകരിച്ചാല്‍ ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും നാശകരമായ ആക്രമണമായിരിക്കും ഇത്