സിറിയന്‍ സൈന്യം നടത്തിയ റോക്കറ്റ്‌ ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു.

വിയന്ന: ഡമാസ്‌കസിനു സമീപം വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്കു സിറിയന്‍ സൈന്യം നടത്തിയ റോക്കറ്റ്‌ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. റോക്കറ്റ്‌ ചന്തയ്‌ക്കുള്ളിലാണ്‌ വീണതെന്നും നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സിന്റെ മേധാവി റാമി അബ്‌ദെല്‍ റഹ്‌മാന്‍ അറിയിച്ചു.
തലസ്‌ഥാനമായ ഡമാസ്‌കസിന്റെ കിഴക്കന്‍ മേഖലയിലുള്ള ഡൗമയിലാണ്‌ ആക്രമണം നടന്നത്‌. നിരവധിപ്പേര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. വ്യാഴാഴ്‌ച ഒരു ചന്തയ്‌ക്കും ആശുപത്രിക്കും നേരെ നടന്ന ആക്രമണത്തില്‍ ഒമ്പതു പേര്‍ മരിച്ചതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു.
അതിനിടെ, സിറിയന്‍ ആഭ്യന്തരയുദ്ധത്തിനു പരിഹാരം കാണാനായി രാജ്യാന്തര തലത്തില്‍ നയതന്ത്ര ശ്രമങ്ങളും സജീവമായി. സിറിയയില്‍ പോരടിക്കുന്ന ഇരുചേരികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വിദേശരാജ്യങ്ങളുടെ ആദ്യയോഗം ഓസ്‌ട്രിയയിലെ വിയന്നയില്‍ തുടങ്ങി. സിറിയന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും വിമതരെ പിന്തുണയ്‌ക്കുന്ന യു.എസും സഖ്യകക്ഷികളും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കുകയാണ്‌ യോഗത്തിന്റെ ലക്ഷ്യം.
ആദ്യമായാണ്‌ ഇറാന്‍ ഇത്തരമൊരു നയതന്ത്രനീക്കത്തിന്റെ ഭാഗമാകുന്നത്‌. പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിനു പിന്തുണയേകി റഷ്യ അടുത്തിടെ വിമത കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം ശക്‌തമാക്കിയിരുന്നു.

Top