അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയൻ ഫോട്ടോഗ്രാഫറുടെ കരളലിയിപ്പിക്കുന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. അഭയാർത്ഥി വാഹനത്തിനു നേരെ ഉണ്ടായ ബോംബാക്രമണത്തിൽ നിരവധി കുരുന്നുകൾക്ക് ജീവൻ നഷ്ട്ടപെട്ടപ്പോൾ പിടയ്ക്കുന്ന കുരുന്നു ജീവനുകളുടെ തത്സമയ ചിത്രങ്ങളെടുത്ത് എക്സ്ക്ലൂസീവിനുള്ള വകയുണ്ടാക്കാതെ നേരിയ നെഞ്ചിടിപ്പ് ബാക്കിയുള്ള കുരുന്നു ജീവനുമായി ആസ്പത്രിയിലേക് ഓടുന്ന അബ്ദല്‍ ഖാദറിന്റെ ചിത്രം അവിടെ ഉണ്ടായിരുന്ന മറ്റൊരു ക്യാമറാമാനാണ് പകർത്തിയത്.ആ സമയത്ത് ദുരന്തഭൂമിയിലുണ്ടായിരുന്ന ഫൊട്ടോഗ്രാഫർമാർ സ്ഫോടനത്തിനു സാക്ഷികളായിരുന്നു.
പിടയ്ക്കുന്ന കുരുന്നു ജീവനുകളുടെ തത്സമയ ചിത്രങ്ങളെടുത്ത് എക്സ്ക്ലൂസീവിനുള്ള വകയുണ്ടാക്കാം. അല്ലെങ്കിൽ നേരിയ നെഞ്ചിടിപ്പുകൾ മാത്രം ബാക്കിയാക്കിയ കുരുന്നു ശരീരങ്ങളെ കോരിയെടുത്ത് ആശുപത്രിയിലെത്തിക്കാം. ഒരു ഫൊട്ടോഗ്രാഫർ ഇതിൽ ഏതിനു മുൻതൂക്കം നൽകും. ആ നിമിഷത്തിൽ അയാൾ ആത്മാർത്ഥത കാട്ടേണ്ടത് ആരോടാണ്? സ്വന്തം ജോലിയോടോ അതോ മനസ്സാക്ഷിയോടോ?
പൊട്ടിത്തെറിച്ച ബോംബിനൊപ്പം ചിതറിപ്പോയ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പകർത്താതെ അവരിൽ പലരും രക്ഷാപ്രവർത്തനത്തിലേർപ്പെടുകയാണുണ്ടായത്. മരിച്ചു മരവിച്ച കുഞ്ഞുങ്ങളുടെ ശരീരം കണ്ടുമടുത്ത പലരും രക്ഷാപ്രവർത്തനം പാതിയിലുപേക്ഷിച്ചു. എങ്കിലും അബ്ദൽ ഖാദർ ഹബാക്ക് എന്ന ഫൊട്ടോഗ്രാഫർ യുദ്ധഭൂമിയിൽ ഓടിനടന്നു ഒരു കുഞ്ഞു ഹൃദയമിടിപ്പെങ്കിലും ബാക്കി നിൽക്കുന്ന കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരെ മരണത്തിനു വിട്ടുകൊടുക്കാൻ കഴിയില്ലെന്ന വാശിയോടെ അദ്ദേഹം കുഞ്ഞുങ്ങളെ വാരിയെടുത്തു. പക്ഷെ ഓരോ കുഞ്ഞിനെയെടുക്കുമ്പോഴും അതിന്റെ ശരീരത്തിൽ ജീവനില്ലെന്നു അദ്ദേഹം തിരിച്ചറിയുകയായിരുന്നു. മറ്റൊരു കുഞ്ഞിന്റെ അടുത്തെത്തിയപ്പോൾ അതിനു ജീവനില്ല അതിനെ നോക്കണ്ട എന്നു മറ്റുള്ളവർ പറഞ്ഞപ്പോഴും അതവഗണിച്ച് അദ്ദേഹം അവനെ വാരിയെടുത്തു. ദുർബലമായ ഹൃദയമിടിപ്പുകൾ മാത്രമുള്ള അവനെ വാരിയെടുത്ത് അദ്ദേഹം ആംബുലൻസിന്റെ സമീപത്തേക്കോടി. ആ കുഞ്ഞിപ്പോൾ ജീവനോടെയുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല.
യുദ്ധഭൂമിയിലെ ചോരക്കളത്തിൽ വീണുപിടയുന്ന കുരുന്നുകൾക്കരികിലേക്കു പ്രതീക്ഷയോടെ ഓടിയെത്തിയ ഫൊട്ടോഗ്രാഫർ ആ കുഞ്ഞിനു ജീവനില്ലെന്നു തിരിച്ചറിയുന്നതോടെ പൊട്ടിക്കരയുന്ന ദൃശ്യവും മറ്റു ഫൊട്ടോഗ്രാഫർമാർ പകർത്തി. കുരുന്നിന്റെ ജീവൻ ശരീരം വിട്ടു പോവാൻ കാത്തിരിക്കുന്ന കഴുകന്റെ ചിത്രം പകർത്തി ആ ചിത്രത്തിന് പുലിസ്റ്റർ പുരസ്കാരം നേടിയ കെവിൻ കാർട്ടറുടെ കഥ നമ്മളാരും മറന്നു കാണില്ല. ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാതെ അതിനെ കഴുകനു ഭക്ഷണമാകുന്നതു കണ്ടു നിന്ന ആ ഫൊട്ടോഗ്രാഫറെ ലോകം കുറ്റപ്പെടുത്തി. കുത്തുവാക്കുകൾ പറഞ്ഞു വെറുത്തു. ലോകത്തിന്റെ കുറ്റപ്പെടുത്തലുകൾ കേട്ട് മനംമടുത്ത് ഒടുവിൽ കുറ്റബോധം കൊണ്ട് ആ ഫൊട്ടോഗ്രഫർ ആത്മഹത്യ ചെയ്തു.
ജീവിതത്തിലെ ചില നിമിഷങ്ങൾ അങ്ങനെയാണ് ആ നിമിഷത്തിലെടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിർണ്ണയിക്കുന്നത്. യുദ്ധഭൂമിയിൽ നിന്നും രക്ഷിച്ച ആ കുട്ടിയ്ക്ക് ജീവൻ തിരിച്ചുകിട്ടിയിട്ടുണ്ടെങ്കിൽ അബ്ദൽ നിങ്ങൾക്ക് അഭിമാനിക്കാം മികച്ച ചിച്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ എന്നല്ല. മനസ്സിൽ ഇന്നും വറ്റാത്ത നന്മ കാത്തു സൂക്ഷിക്കുന്ന നല്ല മനുഷ്യൻ എന്ന നിലയിൽ.