എറണാകുളം -അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികനും സിറോ മലബാര്‍ സഭ മുന്‍ വക്താവുമായ ഫാ.പോള്‍ തേലക്കാടിനെതിരായ വ്യാജ രേഖ കേസില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തെയും പ്രതിചേര്‍ത്തു. കേസിന് പിന്നില്‍ സീറോ മലബാര്‍ സഭയ്ക്കുള്ളിലെ ചേരിതിരിവാണെന്നാണ് റിപ്പോര്‍ട്ട്. സീറോ മലബാര്‍ സഭാ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോബി മാപ്രക്കാവിലിന്റെ പരാതിയിലാണ് നടപടി.
എറണാകുളം – അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററാണ് ജേക്കബ് മനത്തോടത്ത്. കേസിലെ രണ്ടാം പ്രതിയാണ് ജേക്കബ് മനത്തോടത്ത്. ഫാദര്‍ പോള്‍ തേലക്കാടാണ് ഒന്നാം പ്രതി. സീറോ മലബാര്‍ സഭാതലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേക്ക് പണം കൈമാറ്റം ചെയ്തുവെന്ന് കാണിച്ച് മനത്തോടത്തിന് ഫാദര്‍ പോള്‍ തേലക്കാട്ട് നല്‍കിയ വ്യാജരേഖയാണ് കേസിന് ആസ്പദമായത്.
ഈ രേഖ മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കാണിക്കുകയും അത് ആര്‍ച്ച് ബിഷപ്പ് സിനഡിന്റെ ശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തു. എന്നാല്‍ ആ ബാങ്കില്‍ തനിക്ക് അക്കൗണ്ടില്ലെന്ന് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് വ്യക്തമായിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാദര്‍ ജോബി മാപ്രക്കാവിലനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹം നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.