സിനിമാ ഡെസ്‌ക്
പ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖ് അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. 25 വർഷത്തോളമായി കഥപറഞ്ഞും തിരക്കഥയും സംഭാഷണങ്ങളും രചിച്ചും മലയാള സിനിമാ ലോകത്തെ സജീവസാന്നിധ്യമായിരുന്നു റസാഖ്. 1996ൽ പുറത്തിറങ്ങിയ കാണാക്കിനാവ് എന്ന ചിത്രത്തിന് മികച്ച കഥ, തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ആയിരത്തിൽ ഒരുവൻ, പെരുമഴക്കാലം എന്നീ ചിത്രങ്ങൾക്കും മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സഹസംവിധായകനായിട്ടായിരുന്നു ടിഎ റസാഖിന്റെ സിനിമയിലെ തുടക്കം. അതും മലയാളി നെഞ്ചോടടക്കിപ്പിടിച്ച ‘ധ്വനി’ യുടെ സഹസംവിധായകനായിട്ടായിരുന്നു ചുവടുവെയ്പ്.
തിരക്കഥയുടേയും കഥകളുടേയും ലോകത്ത് നിന്ന് സിനിമ സംവിധായകൻ എന്ന ലേബലിലേക്കുള്ള ടിഎ റസാഖിന്റെ മാറ്റമാണ് ‘മൂന്നാം നാൾ ഞായറാഴ്ച’ എന്ന ചിത്രം. ബോക്‌സോഫീസിൽ ഹിറ്റായില്ലെങ്കിലും മികച്ച കലാമൂല്യമുള്ള ചിത്രമായി മലയാളി അംഗീകരിച്ചു.
പെരുമഴക്കാലം, രാപ്പകൽ തുടങ്ങിയ സിനിമകൾ മാത്രം മതിയാകും മലയാളി മനസ്സിൽ റസാഖിനുള്ള സ്ഥാനം തിരിച്ചറിയാൻ.
ടിഎ റസാഖിന്റെ മിക്ക കഥകളുടേയും പശ്ചാത്തലം സ്വന്തം ജീവിതം തന്നെയായിരുന്നുവെന്ന് പലപ്പോഴും തോന്നിച്ചു. കടത്തിൽ മുങ്ങിയ ഒരു ചെറുപ്പക്കാരനായിരുന്നു പണ്ട് റസാഖ്. പലസിനിമകളിലും ഈ പ്രാരാബ്ദങ്ങളും പ്രശ്‌നങ്ങളും പ്രധാന വിഷയമായി കടന്നുവരുന്നുണ്ട്. ഒരു അഭിമുഖത്തിൽ റസാഖ് തന്നെ ഇത് സമ്മതിച്ചതുമാണ്.
വിഷ്ണുലോകം, നാടോടി, താലോലം സാഫല്യം എന്നീ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങൾക്കും റസാഖ് കഥയും തിരക്കഥയും നിർവഹിച്ചു. ഭൂമിഗീതം, കർമ, ഗസൽ, ചിത്രശലഭം, സ്‌നേഹം, എന്നിവയാണ് അദ്ദേഹം തിരക്കഥ രചിച്ച മറ്റു ചിത്രങ്ങൾ. കർമ, ഭൂമിഗീതം, സ്‌നേഹം എന്നീ ചിത്രങ്ങളുടെ കഥയും അദ്ദേഹത്തിന്റേതാണ്. അനശ്വരം, എന്റെ ശ്രീകുട്ടിക്ക്, ഉത്തമൻ, ആയിരത്തിൽ ഒരുവൻ എന്നിവയാണ് അദ്ദേഹം കഥയെഴുതിയ മറ്റ് ചിത്രങ്ങൾ.