കൊച്ചി:പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്‍റെ കൈവെട്ടിയ കേസിലെ പ്രധാനപ്രതി എം.കെ.നാസര്‍ കീഴടങ്ങി. സംഭവത്തിന്‍റെ മുഖ്യസൂത്രധാരനായ ഇയാള്‍ കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. കേസിനാസ്പദമായ സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കീഴടങ്ങുന്നത്. ഒളിവിലായ നാസര്‍ വിദേശത്തേക്ക് കടന്നെന്ന ധാരണയില്‍ പൊലീസ് റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.എറണാകുളം എന്‍ ഐ എ കോടതിയില്‍ കീഴടങ്ങിയ നാസറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
2010 ജൂലൈ നാലിനാണ് ബിരുദ പരീക്ഷയുടെ ചോദ്യപേപ്പറിലെ ചോദ്യത്തിന്റെ പേരില്‍ പ്രൊഫ.ടി.ജെ.ജോസഫിന്‍റെ കൈ അക്രമികള്‍ വെട്ടിമാറ്റിയത്. പോപ്പലുര്‍ ഫ്രണ്ട് സംസ്ഥാന നേതാവായ എം.കെ.നാസറിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമത്തിനുളള ഗൂഡാലോചന നടത്തിയതെന്നായിരുന്നു എന്‍ഐഎ യുടെ കണ്ടെത്തല്‍.
എന്നാല്‍ സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ നാസറിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. നാസറിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് കീഴടങ്ങല്‍. ഒളിവില്‍ കഴിയുന്നതിനെക്കാള്‍ സുഖം ജയിലില്‍ കഴിയുന്നതാണെന്ന് തിരിച്ചറിഞ്ഞതിനാലാകാം നാസര്‍ കീഴടങ്ങിയതെന്ന് ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി. ജെ. ജോസഫ് പറഞ്ഞു. തന്നെ ആക്രമിച്ചവരോട് താന്‍ നേരത്തെ ക്ഷമിച്ചതാണെന്നും ടി.ജെ. ജോസഫ് മൂവാറ്റുപുഴയില്‍ പറഞ്ഞു.