തിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി അഴിമതിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ലോട്ടറി വില്‍പനയിലൂടെ സമാഹരിച്ച ഒരു രൂപ പോലും കായിക വികസനത്തിന് വിനിയോഗിക്കാന്‍ ലഭിച്ചിട്ടില്ലെന്നുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് വിജിലന്‍സ് എഫ്ഐആറിലുള്ളത്. അന്നത്തെ കൗണ്‍സില്‍ സെക്രട്ടറി ടെഗ്ഗി ഐഎഫ്എസ് രണ്ടാം പ്രതിയാണ്.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.സ്പോര്‍ട്സ് ലോട്ടറി അഴിമതിയാരോപണത്തിലെ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ക്ക് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്.സ്പോര്‍ട്സ് ലോട്ടറിയില്‍ അഴിമതി നടന്നതായുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിനെ ശരിവെക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തലുകള്‍.
കായിക മേഖലയുടെ വികസനത്തിന് തുക സമാഹാരിക്കുന്നതിനായാണ് 2006ല്‍ സ്പോര്‍ട്ട്സ് ലോട്ടറി കൊണ്ടുവന്നത്. അന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു ടി പി ദാസന്‍. എന്നാല്‍ ലോട്ടറിയിലൂടെ സമാഹരിച്ച ഒരു രൂപ പോലും കായിക വികസനത്തിന് ലഭിച്ചില്ല. ലോട്ടറിയിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നു. എന്നാല്‍ ഇതിന് കൃത്യമായ കണക്കുകളോ രേഖളോ സൂക്ഷിച്ചിട്ടില്ല. ഇത് സ്പോര്‍ട്സ് കൗണ്‍സില്‍ മേലധികാരികളുടെ വീഴ്ചയാണെന്നും വിജിലന്‍സ് എഫ്ഐആറിലുണ്ട്.
അഴിമതി കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി റിപ്പോര്‍ട്ട് നാളെ പരിഗണിക്കും.