കണ്ണൂര്‍: ചികിത്സയുടെ പേരില്‍ ജയിലില്‍ നിന്നും അടിയന്തിര പരോളില്‍ ഇറങ്ങിയ ടിപി വധക്കേസിലെ പ്രതികള്‍ പുറത്ത് ആടിപാടി ആഘോഷിക്കുന്നതിന്റെ വീഡിയോകള്‍ പുറത്ത്. ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ ഷാഫി സജീവമാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളും നവമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ടി പി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പാര്‍ട്ടി പരിപാടികളും ഷാഫി സജീവമാണ്. നാദാപുരത്തെ ഷിബിന്‍ രക്തസാക്ഷി ദിനാചരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഷാഫി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോള്‍ അനുവദിച്ചിരുന്നു.
രണ്ടാംപ്രതിയായ കിര്‍മ്മാണി മനോജ് കഴിഞ്ഞ തവണ പരോളില്‍ ഇറങ്ങി രണ്ടുകുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു. കിര്‍മ്മാണിക്കെതിരെ യുവതിയുടെ ഭര്‍ത്താവ് നിയമപോരാട്ടത്തിലാണ്. കിര്‍മ്മാണിക്ക് 45 ദിവസത്തെ അടിയന്തര പരോള്‍ വീണ്ടും അനുവദിച്ചിട്ടുണ്ട്. ടിപി കേസിലെ പതിമൂന്നാം പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനിടയിലാണ് കൊലയാളികളുടെ ആഘോഷ വീഡിയോകള്‍ പുറത്ത് വരുന്നത്.
പ്രതികള്‍ കഴിയുന്ന ജയിലുകളില്‍ പ്രതികള്‍ക്ക് പ്രത്യേക സൗകര്യവും ഭക്ഷണവുമൊക്കെ കൊടുക്കുന്ന വിവരവും വാര്‍ത്തയായിരുന്നു,