കാഴ്ചയുടെ കാര്യത്തില്‍ ഭിന്നശേഷിയുള്ളവരുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചു. ഒരു കോടി രൂപയാണ് പാരിതോഷികമായി നല്‍കുന്നത്. ബിസിസിഐയെ നയിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മുന്‍ സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. യോഗത്തില്‍ റായിക്കു പുറമെ സമിതി അംഗങ്ങളായ രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ഡയാന എഡുല്‍ജി എന്നിവരും പങ്കെടുത്തു.
ബെംഗളൂരുവില്‍ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പിച്ചാണ് ഇന്ത്യ കാഴ്ചപരിമിതരുടെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തിയത്. ഒന്‍പതു കളിയില്‍ എട്ടിലും വിജയിച്ച് ടൂര്‍ണമെന്റ് ഫേവറിറ്റുകളായി ഫൈനലിലെത്തിയ ഇന്ത്യ ഉജ്വലമായ പോരാട്ടവീര്യത്തോടെയാണ് ഒന്‍പതു വിക്കറ്റ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 197 റണ്‍സ് നേടി. ഇന്ത്യ 18 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 2012ല്‍ ആദ്യ എഡിഷന്‍ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലും പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
അതേസമയം, ഇവര്‍ക്കു നല്‍കേണ്ട പാരിതോഷികം സംബന്ധിച്ചു കേന്ദ്ര കായിക മന്ത്രാലയത്തില്‍ ആശയക്കഴപ്പമുള്ളതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെയാണ് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ രംഗത്തെത്തിയത്. കായിക മന്ത്രി വിജയ് ഗോയലിന്റെ വസതിയില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍, താരങ്ങളുടെ പരസ്യ പ്രതിഷേധത്തിന് ഇതു വഴിവച്ചിരുന്നു. പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ഗോയലിന്റെ പ്രഖ്യാപനം. ഓരോ താരത്തിനും പത്തു ലക്ഷം രൂപ വീതം ലഭിക്കുമെന്നാണു ടീമംഗങ്ങള്‍ കരുതിയതെങ്കിലും ടീമിന് ആകെ നല്‍കുന്ന തുകയാണിതെന്നു മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെയാണു തര്‍ക്കം ഉടലെടുത്തത്.
2014 ഏകദിന ലോകകപ്പ് ജയിച്ചപ്പോള്‍ തങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഏഴു ലക്ഷം രൂപ വീതം ലഭിച്ചതാണെന്നു താരങ്ങള്‍ പറഞ്ഞു. കായിക മന്ത്രാലയത്തില്‍നിന്ന് അഞ്ചും സാമൂഹിക ക്ഷേമ മന്ത്രാലയത്തില്‍നിന്ന് രണ്ടും ലക്ഷം വീതം. ഇക്കുറി പത്തു ലക്ഷം രൂപയാണ് 19 അംഗ ടീമിന് ആകെ ലഭിക്കുന്നതെന്നറിഞ്ഞതോടെ, ചടങ്ങില്‍നിന്ന് ഇറങ്ങി പോകാന്‍ താരങ്ങള്‍ ഒരുങ്ങി. സംഭവം വിവാദമായതോടെ, വിശദീകരണവുമായി ഗോയല്‍ നേരിട്ടെത്തി. ഉദ്യോഗസ്ഥന്റെ പരാമര്‍ശം അറിവില്ലായ്മ മൂലമാണെന്നും 2014ലേതിനു സമാനമായ പാരിതോഷികം നല്‍കുമെന്നും ഗോയല്‍ അറിയിച്ചതോടെ സ്ഥിതി ശാന്തമായി.